stock-market

കൊച്ചി: കൊറോണ സൃഷ്‌ടിച്ച സമ്പദ്‌ആഘാതം തടയാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടുലക്ഷം കോടി ഡോളറിന്റെ (ഏകദേശം 153 ലക്ഷം കോടി രൂപ) രക്ഷാപാക്കേജിന് സെനറ്റ് അംഗീകാരം നൽകിയത് ഇന്നലെ ഓഹരി വിപണികൾക്ക് സമ്മാനിച്ചത് പുത്തനുണർവ്. അമേരിക്കൻ ഓഹരികൾ നേട്ടത്തിലേറിയതിന്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികളും ഇന്നലെ പുതിയ കുതിപ്പ് നടത്തി.

ഒരുവേള 2,100 പോയിന്റിലേറെ കുതിച്ച സെൻസെക്‌സ് വ്യാപാരാന്ത്യം 1,861 പോയിന്റ് നേട്ടവുമായി 28,535ലാണുള്ളത്. നിഫ്‌റ്റി 516 പോയിന്റ് നേട്ടവുമായി 8,317ലുമെത്തി. കഴിഞ്ഞ 11 വർഷത്തിനടയിലെ ഏറ്റവും വലിയ കുതിപ്പാണ് സെൻസെക്‌സിന്റേത്. ഇന്ത്യയിൽ, ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞദിവസം ഒട്ടേറെ സമാശ്വാസ നടപടികൾ പ്രഖ്യാപിച്ചതും സാമ്പത്തിക രക്ഷാപാക്കേജ് കേന്ദ്രസർക്കാർ വൈകാതെ പ്രഖ്യാപിക്കുമെന്ന സൂചനയും ഓഹരികൾക്ക് ആവേശമായി.

റിലയൻസ് ഇൻഡസ്ട്രീസ്, മണപ്പുറം ഫിനാൻസ്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ, കോട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ.

₹153 ലക്ഷം കോടി

കൊറോണ സൃഷ്‌ടിച്ച സമ്പദ് പ്രതിസന്ധിയിൽ നിന്ന് കരകയരാൻ അമേരിക്ക പ്രഖ്യാപിച്ചത് രണ്ടുലക്ഷം കോടി ഡോളറിന്റെ പാക്കേജ് (ഏകദേശം 153 ലക്ഷം കോടി രൂപ)

₹4.80 ലക്ഷം കോടി

ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിലുണ്ടായ വർദ്ധന 4.80 ലക്ഷം കോടി രൂപ. മൂല്യം 103.69 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് 108.50 ലക്ഷം കോടി രൂപയായി.

11 വർഷം

കഴിഞ്ഞ 11 വർഷത്തെ ഏറ്റവും മികച്ച കുതിപ്പാണ് സെൻസെക്‌സ് ഇന്നലെ നടത്തിയത്.

ജിയോയിൽ കണ്ണുംനട്ട് ഫേസ്ബുക്ക്;

റിലയൻസ് ഓഹരികളിൽ കുതിപ്പ്

റിലയൻസ് ജിയോയുടെ 10% ഓഹരികൾ സ്വന്തമാക്കാനുള്ള ഫേസ്‌ബുക്കിന്റെ നീക്കം റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഓഹരിവിലയിൽ ഇന്നലെ 9% കുതിപ്പുണ്ടാക്കി. അതേസമയം, കൊറോണ പ്രതിസന്ധിമൂലം ഓഹരി വില്പന നടപടികൾ വൈകിയേക്കുമെന്നാണ് അറിയുന്നത്.