മാഡ്രിഡ്: കൊറോണ ബാധിച്ച് ലോകരാജ്യങ്ങളിലാകെ മരിച്ചവരുടെ എണ്ണം 19000 കടന്നു. 19643 പേരാണ് ഇതുവരെ ലോകത്ത് മരിച്ചത്. ഇതിൽ ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 6820 പേർ. എന്നാൽ 24 മണിക്കൂറിനിടെ 738 പേർ മരിച്ച സ്പെയിനിലാണ് കൊറോണ മരണസംഖ്യയിൽ ഭീതിപ്പെടുത്തുന്ന വർദ്ധന രേഖപ്പെടുത്തിയത്. ഇതോടെ സ്പെയിനിലെ മരണ സംഖ്യ 3434 ആയി ഉയർന്നു,
വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗൺ 11-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സ്‌പെയിനിൽ ഒരു ദിവസംതന്നെ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവിടുത്തെ 47,610 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ11 വരെയാണ് സ്‌പെയിനിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്.
സ്‌പെയിനിൽ മരിച്ചവരിൽ 50 ശതമാനത്തിലേറെയും മാഡ്രിഡ് പ്രദേശത്തുള്ളവരാണ്. 1825 പേർ ഇവിടെ മരിച്ചു. 14597 പേർക്കാണ് മാഡ്രിഡിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടുത്തെ ആശുപത്രികളെല്ലാം കടുത്ത പ്രതിസന്ധി നേരിടുകയാണ്. മാഡ്രിഡിലെ എക്‌സിബിഷന്‍ സെന്ററിൽസൈന്യം 1500 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിരുന്നു. വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ ഇവിടുത്തെ കിടക്കകളുടെ എണ്ണം 5500 ആക്കി ഉയർത്തി.