ന്യൂഡൽഹി: കൊറോണ വ്യാപനം തടയുന്നതിന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗം 30 ശതമാനം വർദ്ധിച്ചെന്ന് കണക്ക്. ഈ പശ്ചാത്തലത്തിൽ വിഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ, എച്ച്.ഡി, അൾട്രാ എച്ച്.ഡി ട്രാൻസ്മിഷൻ നിറുത്തുകയാണെന്ന് സോണി, ഗൂഗിൾ, ഫേസ്ബുക്ക്, വിയാകോം 18, എം.എക്സ് പ്ലയർ, ഹോട്ട് സ്റ്റാർ, സീ, ടിക് ടോക്ക്, നെറ്റ് ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്റർനെറ്റ് ഉപയോഗം ഉയർന്ന് അതുവഴി അവശ്യസേവനങ്ങൾ തടസപ്പെടുന്നത് ഒഴിവാക്കാനാണ് നടപടി. ഇപ്പോൾ വിവിധ മേഖലഖകളിലുള്ളവർ വീട്ടിലിരുന്ന് ഇന്റർനെറ്റ് ഉപയോഗിച്ചാണ് ജോലി ചെയ്യുന്നത്. ഇതിനു പുറമേ വിനോദത്തിനായി ആളുകൾ കൂടുതലായി ഇന്റർനെറ്റിനെ ആശ്രയിക്കുക കൂടി ചെയ്തതോടെ ഉപയോഗം കുതിച്ചുയർന്നു. കൂടുതൽ ഉത്തരവാദിത്വത്തോടെ ഡേറ്റ ഉപയോഗിക്കാൻ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.