തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക വ്യാപനമെന്ന വാൾ ഇതുവരെ കേരളത്തിന്റെ നെഞ്ചിൽ പതിഞ്ഞിട്ടില്ലെന്നും തലയ്ക്ക് മീതെ നില്‍ക്കുന്നുണ്ടെന്നും അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറയുന്നു. വാർത്താസമ്മേളനത്തിനിടെയാണ് സംസ്ഥാനത്ത് സാമൂഹിക വ്യാപനം വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
'സാമൂഹ്യവ്യാപനം എന്ന വാൾ നമ്മുടെ തലയ്ക്കുമീതെ തൂങ്ങിനിൽക്കുന്നുണ്ട്. അത് വളരെ ഗൗരവതരമായി ഉൾക്കൊള്ളണം. ആ വാൾ കേരളത്തിന്റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കണം. അതിനുള്ള ജാഗ്രതയാണ് നമ്മൾ ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടത്. ഞാനും നിങ്ങളുമെന്ന വ്യത്യാസമില്ല, നമ്മളെല്ലാവരും ഒരേ മനോഭാവത്തോടെ ഈ ജാഗ്രത പുലർത്തുകയാണ് വേണ്ടത്. ഇത് കുറ്റമറ്റരീതിയിൽ ഏറ്റെടുക്കുക എന്നത് നാടിനോടും അടുത്ത തലമുറയോടുമുള്ള ഉത്തരവാദിത്വമാണ്. അതിനാൽ എല്ലാവരും വീട്ടിനുള്ളിൽ കഴിയണമെന്നകാര്യം ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.