corona
corona

ന്യൂഡൽഹി: കൊറോണയുമായി ബന്ധപ്പെട്ട ഓരോ മണിക്കൂറിലെയും വിവരങ്ങൾ അടങ്ങിയ വെബ്‌സൈറ്റ് തയ്യാറായി. ഗ്രാഫിക്സിന്റെയും മറ്റും സഹായത്തോടെ കേരളം അടക്കം ഓരോ സംസ്ഥാനത്തെയും കൊറോണ ബാധ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ വെബ്സൈറ്റ് ഒരു സന്നദ്ധ സംഘടനയാണ് തയ്യാറാക്കിയത്. വെബ്‌സൈറ്റിന് സർക്കാരുമായി ബന്ധമില്ലെന്നും സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ഇറക്കുന്ന പത്രക്കുറിപ്പുകളും ഉത്തരവുകളും മാദ്ധ്യമ സ്ഥാപനങ്ങൾ നൽകുന്ന വിവരങ്ങളുമാണ് സൈറ്റിലെ കണക്കുകൾക്ക് അടിസ്ഥാനമെന്നും പറയുന്നുണ്ട്.

വിവരങ്ങൾ വിശദമായി ലഭിക്കും ഹോം പേജിൽ കൊറോണ ട്രാക്കർ എന്ന തലക്കെട്ടിൽ രാജ്യത്തെ പോസിറ്റീവ് രോഗികളുടെ എണ്ണം, അതിൽ ഭേദമായവർ എത്ര, മരിച്ചവർ തുടങ്ങിയ വിവരങ്ങൾ ലഭ്യമാണ്. സംസ്ഥാനങ്ങൾ തിരിച്ചുള്ള വിവരങ്ങളുമറിയാം. വലതുവശത്തായി ഇന്ത്യയുടെ മാപ്പിൽ സംസ്ഥാനങ്ങളെ രോഗബാധയുടെ തീവ്രത അനുസരിച്ച് വിവിധ നിറങ്ങളിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്‌ത കേരളത്തിനും മഹാരാഷ്‌ട്രയ്‌ക്കും കടും ചുവപ്പ് നിറമാണ്. മാപ്പിൽ സംസ്ഥാനത്തിന് മുകളിൽ ക്ളിക്ക് ചെയ്താൽ രോഗബാധ സംബന്ധിച്ച വിശദവിവരങ്ങൾ തെളിയും. രാജ്യത്തെ രോഗവ്യാപനം ഗ്രാഫിന്റെ സഹായത്തോടെ ചിത്രീകരിച്ചതും കാണാം. സംസ്ഥാനങ്ങളിലെ കൊറോണ ഹെൽപ്പ്ലൈൻ നമ്പരുകൾ, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ലോകാരോഗ്യ സംഘടനയുടെ കൊറോണ ഹോം പേജ്, കേന്ദ്രസർക്കാരിന്റെ രോഗ നിയന്ത്രണ കേന്ദ്രം, കൊറോണ ഗ്ളോബൽ ട്രാക്കർ തുടങ്ങിയവയിലേക്കുള്ള ലിങ്കുകൾ പ്രത്യേക മെനുവിൽ ലഭ്യമാണ്.