my-home-

രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ കിട്ടാതാവും എന്ന ഭീതിയിലാണ് ജനങ്ങൾ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും പലചരക്ക് കടകളും ഫാർമസികളും നിയന്ത്രണത്തിന് വിധേയമായി പ്രവർത്തിക്കാമെങ്കിലും ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല. എന്നാൽ എല്ലാംകൂടി വാങ്ങിവയ്ക്കാൻ ശ്രമിക്കാതെ അല്പം ആസൂത്രണം മതിയാകും ഈ പ്രതിസന്ധി ഘട്ടം മറികടക്കാനാവുമെന്ന് പ്രശസത ഫുഡ് ആൻഡ് ട്രാവൽ എഴുത്തുകാരി റോഷ്നി ബജാജ് സാങ്വി പറയുന്നു.

പോഷകാംശമേറിയ ഭക്ഷണപദാർത്ഥങ്ങൾ ശേഖരിക്കുക

ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സാന്നിധ്യമാണ് ധാന്യങ്ങളും പയറുവർഗങ്ങളും. അരി, പരിപ്പ് എന്നിവയെ കൂടാതെ രാജ്മ, ചനക്കടല തുടങ്ങിയവരും ശേഖരിച്ചു വയ്ക്കാം. മറ്റൊന്നുമില്ലെങ്കിലും ലഘുഭക്ഷണമായി ഇവ ഉപയോഗിക്കാനാവും. പയർ മുളപ്പിച്ച് ഉപയോഗിക്കുന്നതും ഫലപ്രദവും പോഷകപ്രദവുമാണ്. പച്ചക്കറികൾ അത്ര ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഇവ ഉപയോഗിക്കാനാവും.


പലവ്യഞ്ജനങ്ങൾ

മഞ്ഞള്‍, മല്ലി, ജീരകം, മുളക്, കായം, കടുക് എന്നിങ്ങനെ അടിസ്ഥാനപരമായ ചില മസാലകളില്ലാതെ ഒരു ഇന്ത്യൻ അടുക്കളയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകില്ല. ” നിങ്ങളൊരു ഗുജറാത്തി ആണെങ്കിൽമല്ലി-ജീരകം കൂട്ട് നിർബന്ധമായും ഉണ്ടായിരിക്കും, ദക്ഷിണേന്ത്യയിൽ കറിവേപ്പില ഒഴിച്ചുകൂടാൻ പറ്റില്ല. മസാലക്കൂട്ടുകളുടെ വൈവിധ്യത്തെക്കുറിച്ച് പറയുന്നതിനൊപ്പെം ചന മസാല, തന്തൂരി മസാല എന്നിവ ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില മസാലക്കറികളും പരിചയപ്പെടുത്തുന്നു. “ചന വേവിച്ച് തക്കാളി മുറിച്ചിട്ട് ചോളം മസാല ചേര്‍ക്കുക. അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് മുറിച്ച് വേവിച്ച് സവാളയും തക്കാളിയും ചേര്‍ത്ത് തന്തൂരി മസാല കൊണ്ട് പൊതിയുക” ഇതു രണ്ടുമാണ് സാങ്വി പരിചയപ്പെടുത്തുന്ന മസാലക്കറികൾ.


പെട്ടെന്ന് കേടുവരാത്ത പച്ചക്കറികളും പഴങ്ങളും സൂക്ഷിക്കാം

പെട്ടെന്ന് കേടാകാത്ത പച്ചക്കറികൾ വാങ്ങി സൂക്ഷിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലത്. സവാള, ഉരുളക്കിഴങ്ങ്, ചേമ്പ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്, ചേന തുടങ്ങിയ പച്ചക്കറികൾ ഇക്കൂട്ടത്തിൽപ്പെട്ടതാണ്. ചേമ്പും ദീർഘനാൾ സൂക്ഷിക്കാനാവും. പഴങ്ങളും പച്ചക്കറികളും വേവിച്ചതിനുശേഷം തണുപ്പിച്ച് സംഭരിച്ച് വയ്ക്കാവുന്നതാണ്. തക്കാളി വേവിച്ച് ഉടച്ച് തണുപ്പിച്ച് വെയ്ക്കാം, ഇത് ആവശ്യം പോലെ കറികളിൽ ചേർക്കാം. പഴം ഉടച്ച് ഫ്രിഡ്ജിൽ വയ്ക്കുക, യോഗർട്ടിനൊപ്പം ഉപയോഗിക്കാം. ഓറഞ്ച് ഉപയോഗിച്ച് എളുപ്പത്തിൽ ജാമുണ്ടാക്കി വയ്ക്കാം. കുറച്ചധികം തേങ്ങകൾ ഒരുമിച്ച് ചിരണ്ടി ഫ്രിഡ്ജിൽ വച്ചാല്‍ ആവശ്യാനുസരണം ചട്നികളും കറികളും എളുപ്പത്തിൽ ഉണ്ടാക്കാം.

“എള്ള്, കശുവണ്ടി, നിലക്കടല, തേങ്ങ എന്നിങ്ങനെ പല ചേരുവ കൊണ്ടാണ് ഇന്ത്യയില്‍ മിഠായികളുണ്ടാക്കുന്നത്. ധാരാളം ശര്‍ക്കര ചേര്‍ത്താണ് ഇവ തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ചോക്ക്ലേറ്റുകള്‍ക്കും ബിസ്ക്കറ്റുകള്‍ക്കും പകരം വയ്ക്കാവുന്നവയാണ് ഈ മിഠായികള്‍”. നിലക്കടലകളും ചനക്കടലയും ലഘുഭക്ഷണങ്ങളാണ്. അവ സംസ്ക്കരിച്ചതും ഉപ്പ് രസമുള്ളതുമായിരിക്കാം. ഡ്രൈഫ്രൂട്സ് പോഷകങ്ങളുടെ കലവറയാണ്. ഈന്തപ്പഴം, ഫിഗ് എന്നിവയൊക്കെ ചെറിയ അളവില്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

“ശരിയായി പാകം ചെയ്യാത്ത ഇറച്ചിയും മീനും മുട്ടയും കഴിക്കുന്നത് അപകടകരമാണ്. വയറിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ആശുപത്രിയില്‍ പോകാന്‍ കഴിയുന്ന അവസ്ഥയല്ല”. പ്രോട്ടീൻ കലവറയായ മുട്ടയും ചീസും സംഭരിച്ച് വയ്ക്കുന്നത് ഗുണം ചെയ്യുമെന്നും സാങ്വി ചൂണ്ടിക്കാട്ടുന്നു.”ചീസ് ദീർഘകാലം കേട് കൂടാതെ ഇരിക്കുമെന്ന് മാത്രമല്ല അതുകൊണ്ട് വൈവിധ്യം നിറഞ്ഞ ധാരാളം വിഭവങ്ങളും തയ്യാറാക്കാം.”

സംസ്ക്കരിച്ച ഭക്ഷണങ്ങള്‍ സൗകര്യപ്രദമാണെങ്കിലും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണവസ്തുക്കളും പ്രധാനപ്പെട്ടതാണ്. ഇഞ്ചിയും പച്ചമഞ്ഞളും ദീർഘനാൾ കേട് കൂടാതെ ഇരിക്കുന്നവയാണ്. ഇഞ്ചി ചതച്ച് ഒരു ഗ്ലാസ് ചെറുചൂട് വെള്ളത്തിൽ ചേര്‍ത്ത് കഴിക്കുന്നത് വളരെയധികം നല്ലതാണെന്നും സാങ്വി നിർദേശിക്കുന്നു.