കോട്ടയം : ഇറ്റലിയിൽ നിന്ന് തിരികെ എത്തിയ ദമ്പതികളുടെ കോട്ടയത്തുള്ള മകൾക്കും മരുമകനും കൊറോണ ഭേദമായി. ചെങ്ങളം സ്വദേശികളായ ഇരുവരുടെയും റിപ്പോർട്ടുകൾ ഇന്ന് നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് രോഗം ഭേദമായ 12 പേരുടെ പട്ടികയിൽ ഇരുവരുമുണ്ട്.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. മാർച്ച് എട്ടിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ ആദ്യ നാലു സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.
മാർച്ച് 18, 20 തീയതികളിൽ ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിൽ ആദ്യമായി രോഗം ബാധിച്ചത് ഈ ദമ്പതികളുടെ റാന്നി സ്വദേശികളായ അച്ഛനമ്മമാർക്കും സഹോദരനുമാണ്. ഇറ്റലിയിൽ നിന്ന് തിരികെയെത്തിയ ശേഷം റാന്നി സ്വദേശികളായ ദമ്പതികളും മകനും മകളെയും മരുമകനെയും കാണാൻ കോട്ടയത്തെ വീട്ടിലെത്തിയിരുന്നു. ഇങ്ങനെയാണ് ഇവർ രണ്ട് പേർക്കും വൈറസ് ബാധയുണ്ടായത്.
ആദ്യ സാമ്പിൾ പരിശോധനയിൽതന്നെ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരുടെ കുട്ടിയെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. കുട്ടി മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിൽ തുടരുകയാണ്.
ഈ കുടുംബത്തിലെ വൃദ്ധരായ രണ്ട് പേർക്കും പിന്നീട് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ഇവരുടെ സ്ഥിതി ആദ്യം മോശമായിരുന്നെങ്കിലും പിന്നീട് മെച്ചപ്പെട്ടു.