കാലിഫോർണിയ: കൊറോണ വൈറസ് ബാധ ഇപ്പോൾ പ്രവചിക്കുന്നപോലെ അത്ര ഭയാനകമല്ലെന്ന് നോബൽ പുരസ്കാരജേതാവും സ്റ്റാൻഫോർഡ് സർവകലാശാലയിലെ ബയോഫിസിസ്റ്റുമായ മൈക്കിൾ ലെവിറ്റ്. എപ്പിഡെമിയോളജിസ്റ്റുകൾ പ്രവചിക്കുന്നത്ര ഭയാനകമാണ് സ്ഥിതിഗതികളെന്നതിന് തെളിവുകളുടെ പിൻബലമില്ലെന്ന് ലെവിറ്റ് അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് സാമൂഹിക അകലം പാലിക്കുന്ന ഇടങ്ങളിൽ സ്ഥിതിഗതികൾ കുറേ കൂടി സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. 2013 ലെ രസതന്ത്രത്തിനുള്ള നൊബൽ പുരസ്കാരജേതാവാണ് ലെവിറ്റ്.
ചൈനയിൽ കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അതിന്റെ വ്യാപനം ലെവിറ്റ് പ്രവചിച്ചതുപോലെയായിരുന്നു നടന്നത്. കഴിഞ്ഞ ജനുവരിയിൽ ചൈനയിലെ വ്യാപനവുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിച്ച അദ്ദേഹം ഏറെ താമസിയാതെതന്നെ ചൈന അതിന്റെ ഏറ്റവും മൂർച്ഛിച്ച ഘട്ടത്തിൽ നിന്ന് കരകയറുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ലോകത്തിലെ പല ആരോഗ്യവിദഗ്ധരും ഇതിനോട് വിയോജിച്ചിരുന്നു. ചൈന കരകയറാന്‍ കുറച്ചുകൂടെ കാലമെടുക്കുമെന്നായിരുന്നു അവരുടെ പ്രവചനം.
അടുത്ത ആഴ്ചയോടെ കൊറോ രോഗബാധിതരുടെ നിരക്ക് കുറഞ്ഞുവരുമെന്ന് പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവന്ന കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ അദ്ദേഹം എഴുതിയിരുന്നു.
അദ്ദേഹത്തിന്റെ പ്രവചനമനുസരിച്ചായിരുന്നു പിന്നീട് കാര്യങ്ങള്‍. ഫെബ്രുവരിയോടെ രോഗബാധിതരുടെ നിരക്ക് പെട്ടെന്ന് താഴ്ന്നു. പ്രവചിച്ചതുപോലെ മരണനിരക്കും കുറഞ്ഞു. ലോകം പ്രതീക്ഷിച്ചതിലും വേഗത്തിൽ ചൈന കൊറോണയിൽ നിന്ന് മോചിതരായിക്കൊണ്ടിരിക്കുകയാണ്. രോഗം ഏറ്റവും കൂടുതൽ നാശം വിതച്ച ഹുബൈ പ്രവിശ്യയിൽ സാമൂഹിക അകലവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയാണ്.
ചൈനയിൽ 80000 രോഗികളും 3250 മരണങ്ങളുമായിരുന്നു അദ്ദേഹം പ്രവചിച്ചത്. എന്നാൽ പല പൊതുജനാരോഗ്യവിദഗ്ധരും പ്രവചിച്ചത് മരണം പത്ത് ലക്ഷത്തിനടുത്താവുമെന്നാണ്. ചൈനയിലെ ഏറ്റവും പുതിയ കണക്ക് 81218 രോഗികളും 3281 മരണങ്ങളുമാണ്.
അതേ പ്രവണത ലോകമാസകലം തുടരുമെന്നുതന്നെയാണ് അദ്ദേഹം പ്രവചിക്കുന്നത്. ദിനംപ്രതി 50ൽ കൂടുതൽ പേർക്ക് രോഗം ബാധിച്ചുകൊണ്ടിരിക്കുന്ന 78 രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ പരിശോധിച്ച് പല രാജ്യങ്ങളും രോഗത്തെ മറികടക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. മൊത്തം രോഗബാധിതരുടെ എണ്ണം കണക്കിലെടുത്തല്ല അദ്ദേഹം തന്റെ പ്രവചനങ്ങൾ നടത്തുന്നത് മറിച്ച് ഓരോ ദിവസും റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗബാധിതരുടെ എണ്ണം അഥവാ നിരക്ക് പരിശോധിച്ചാണ്. ചൈനയിലും തെക്കൻ കൊറിയയിലും പുതിയ കേസുകൾ കുറയുകയാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. അതേസമയം പലയിടങ്ങളിലെയും രോഗബാധാ നിരക്ക് കൃത്യമല്ലെന്നും ചിലർ സൂചിപ്പിക്കുന്നു.