police

​​​തിരുവനന്തപുരം- അനാവശ്യമായി റോഡിൽ കറങ്ങാനിറങ്ങുന്നവരോട് ഇനി ചോദ്യവും പറച്ചിലുമില്ല. കർശന നടപടിക്ക് തുനിയുകയാണ് പൊലീസ്. നഗരത്തിൽ ഇന്ന് തിരക്കേറിയ സ്ഥലങ്ങളിലെല്ലാം രാവിലെ തന്നെ പൊലീസ് പരിശോധനയ്ക്കിറങ്ങി. മതിയായ കാരണങ്ങളില്ലാതെ നിരത്തിലിറങ്ങിയ ഏതാനും പേരെ നേമം ഉൾപ്പെടെ ചില സ്ഥലങ്ങളിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രി ആവശ്യങ്ങൾ ഉൾപ്പെടെ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ വരുന്നവരെയല്ലാതെ ഒരാളെയും റോഡിൽ കറങ്ങാൻ അനുവദിക്കേണ്ടതില്ലെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. ഇതനുസരിച്ച് അനാവശ്യമായി ഊര് ചുറ്റാനിറങ്ങുന്നവരെ കൈയ്യോടെ പൊക്കി സ്റ്റേഷനിലാക്കും. നിരോധനാജ്ഞ ലംഘിച്ചതിനും സാമൂഹികാരോഗ്യത്തിന് ഭീഷണിവരുത്തിയതിനും ലോക് ഡൗൺ ലംഘിച്ചതിനും ഇവർക്കെതിരെ കേസെടുക്കും. നഗരത്തിൽ ഇന്നലെ വൈകുന്നേരം വരെ 181 പേരെയാണ് വിവിധ സ്റ്റേഷനുകളിൽ പിടികൂടിയത്.


ഇന്നലെ വൈകിട്ട് 5 മണി വരെ 134 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ പേർ
അറസ്റ്റിലായത് വട്ടിയൂർക്കാവ്, പേട്ട, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിലാണ്. 137 പേരെ അറസ്റ്റ്
ചെയ്തു വാഹനങ്ങൾപിടിച്ചെടുത്തു. 85 ഇരുചക്രവാഹനങ്ങളും 19 ഓട്ടോറിക്ഷകളും 13 കാറുകളുമാണ് പൊലീസ് പിടിച്ചെടുത്തത്.


ആദ്യം നോട്ടീസ്, പിന്നീട് രജിസ്ട്രേഷൻ റദ്ദാക്കൽ

പിടിച്ചെടുത്ത വാഹന ഉടമകൾക്ക് മോട്ടോർ വാഹന നിയമത്തിലെ 53 വകുപ്പ് അനുസരിച്ച് എ.സി മാർ
നോട്ടീസ് നൽകി വിട്ടയക്കും. രണ്ടാം പ്രാവശ്യവും പിടിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കും - ബൽറാം കുമാർ ഉപാദ്ധ്യായ, സിറ്റി പൊലീസ് കമ്മീഷണർ.