uk

ന്യൂഡല്‍ഹി : കൊറോണ രോഗം സ്ഥിരീകരിച്ച ബ്രിട്ടണിലെ ചാള്‍സ് രാജകുമാരനൊപ്പമുളള ഇന്ത്യന്‍ ഗായിക കനിക കപൂറിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചാള്‍സ് രാജകുമാരന് കൊറോണ രോഗം പകര്‍ന്നത് കനികയില്‍ നിന്നുമാണെന്ന തരത്തിലാണ് ഇരുവരുടെയും ചിത്രങ്ങള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചാള്‍സ് രാജകുമാരന് കൊറോണ രോഗം സ്ഥിരീകരിച്ചതായി രാജകുടുംബം അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരുടെയും ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്.

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തി. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ 2015 ലും 2018 ലും എടുത്തതാണ്. ഗായിക കനിക കപൂര്‍ ഇപ്പോള്‍ ലക്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്തിടെ നടത്തിയ ലണ്ടന്‍ സന്ദര്‍ശനത്തില്‍ ഇവര്‍ ചാള്‍സ് രാജകുമാരനുമായി കൂടികാഴ്ച്ച നടത്തിയിരുന്നൊ എന്നത് വ്യക്തമല്ല. ഇത് അറിയാൻ മാദ്ധ്യമ പ്രവർത്തകകർ കനികയുടെ ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.