lockdown

ന്യൂഡൽഹി: കൊറോണ വെെറസിനെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ മാത്രം മതിയാകില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഡെബ്രിയേസസ്. പല രാജ്യങ്ങളും കൊറോണ വെെറസിനെതിരെ ആദ്യ നടപടിയെന്നോണം കെെക്കൊണ്ടത് ലോക്ക് ഡൗൺ ആണ്. എന്നാൽ വെെറസിനെ നേരിടാൻ ഈ നടപടി മാത്രം കെെക്കൊണ്ടാൽ പോര എന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ ഡയറക്ടർ ജനറൽ പറയുന്നത്. എല്ലാം രാജ്യങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആളുകളോട് വീട്ടിൽ അടച്ചിരിക്കാൻ ആവശ്യപ്പെട്ടത് രോഗ വ്യാപനം ഇല്ലാതാക്കാൻ വേണ്ടികൂടിയാണ്. ഇത് ആരോഗ്യമേഖലയിൽ ഒരു വിഭാഗം സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. എന്നാൽ ഇതുകൊണ്ടുമാത്രം കൊറോണ വ്യാപനം പൂർണമായും ഇല്ലാതാക്കാൻ സാധിക്കില്ല.

"പല രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഈ നടപടി പകർച്ചവ്യാധിയ ഇല്ലാതാക്കില്ല. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ടാമത്തെ തലമാണ്. ഇത് വെെറസിനെ പ്രതിരോധിക്കാൻ പറ്റിയ നടപടി തന്നെയാണ്. എന്നാൽ ഈ സമയം അതിനായി ഉപയോഗപ്പെടുത്തുന്നതിൽ ചില നടപടിക്രമങ്ങൾ കൂടിയുണ്ട്. ഈ നടപടി ജനങ്ങൾ പാലിക്കണം. ലോക്ക് ഡൗൺ ജനങ്ങൾ പാലിച്ചുവരികയാണ്.

എന്നാൽ എങ്ങനെ പ്രാവർത്തികമാക്കുന്നു എന്നതിലാണ് കാര്യം. ഐസൊലേഷൻ,​ ടെസ്റ്റ്,​ പരിചരണം,​ രോഗബാധിതരെ കണ്ടെത്തൽ എന്നീ കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യം തന്നെയാണ് വെെറസിനെ തുരത്താൻ സാമൂഹികമായും സാമ്പത്തികമായും തന്നെ ഫലപ്രദമായ കാര്യം"-ലോകാരോഗ്യ സംഘടന തലവൻ പറ‌ഞ്ഞു.

ലോകമെമ്പാടും കൊറോണ വെെറസ് ബാധിച്ചവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. നിലവിൽ 18,​000 പേർ മരിച്ചതായും ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം വ്യക്തമാക്കുന്നു.