cm

"കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കും"പറ‌ഞ്ഞത് അക്ഷരം പ്രതി ശരിതന്നെയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് കേരളം. ആഗോളമഹാമാരിയായ കൊറോണയെ പ്രതിരോധിക്കാൻ കേരളം കെെക്കൊണ്ട മുൻകരുതലുകളും നടപടികളും ദേശീയമാദ്ധ്യമങ്ങളടക്കം പ്രകീർത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ. ഷെെലജയുടെയും നേതൃത്വത്തിൽ തക്ക നടപടികൾ തന്നെയാണ് സംസ്ഥാനം സ്വീകരിക്കുന്നത്. കേരളത്തിലെ ആരോഗ്യ രംഗത്തെ മികവ് ഇതിനകം തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോഴിതാ "ഇന്ത്യാ ടുഡേ"യിൽ മുഖ്യമന്ത്രി പങ്കെടുത്ത സംവാദ പരിപാടിയുടെ പ്രസക്തഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്.

21 ദിവസം നീണ്ടു നില്‍ക്കുന്ന സമ്പൂർണ അടച്ചിടലില്‍ എങ്ങനെയാണ് ജനങ്ങള്‍ക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും നല്‍കാന്‍ കഴിയുന്നതെന്നായിരുന്നു അവതാരകന്റെ ചോദ്യം. മുഖ്യമന്ത്രി ആത്മവിശ്വാസത്തോടെത്തന്നെ മറുപടിയും നൽകി. 'ഈ സാഹചര്യത്തെ നേരിടാന്‍ ഞങ്ങള്‍ സജ്ജമാണ്. ഇതുവരെയുള്ള ഞങ്ങളുടെ അനുഭവങ്ങളുടേയും കെെക്കൊണ്ട് നടപടികളുടെയും അടിസ്ഥാനത്തിൽ രോഗബാധിതരിൽ വലിയൊരു വളർച്ച ഞങ്ങൾ മുൻകൂട്ടി കാണുന്നില്ല.

കൊറോണയെ നേരിടാൻ ഞങ്ങൾ സുസജ്ജമാണെന്ന് മുഖ്യമന്ത്രി ചങ്കുറപ്പോടെ പറയുന്നു. രോഗബാധിതരെ ഐസൊലേറ്റ് ചെയ്ത് പരിചരിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 1,​60,​556 കിടക്കകളും മതിയായ വെന്റിലേറ്റർ ഐസിയുവും മുതലായവയും ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച തന്നെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിനു മുമ്പാണിത്. നിപ വെെറസിനെ പ്രതിരോധിച്ചതിന്റെ ഒരു പാഠം തങ്ങൾക്കുമുന്നിലുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കുന്നു.

മൂന്ന് മാസത്തിലധികം ഉപയോഗിക്കാനാവശ്യമായ ഭക്ഷണസാധനങ്ങള്‍ക്കും അടിസ്ഥാനസൗകര്യങ്ങളും ഞങ്ങൾ കരുതിയിട്ടുണ്ട്. മാര്‍ച്ച് 24 ന് 4516 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3331 ഫലങ്ങള്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ ടെസ്റ്റുകള്‍ നടത്തിയ സംസ്ഥാനം, എല്ലാ ജില്ലകളിലും ആശുപത്രികള്‍, പുതിയ ഐസോലേഷന്‍ വാര്‍ഡുകള്‍, കൂടുതല്‍ ഫലപ്രദമാക്കാന്‍ 276 അധിക ഡോക്ടര്‍മാരെ എന്നിവരെ നിയമിച്ചതായി സംവാദ പരിപാടിയില്‍ പറയുന്നു. കേരളത്തിലെ ആരോഗ്യപരിരക്ഷ എല്ലാവരും പിന്തുടരണമെന്ന് വാര്‍ത്താ അവതാരകനും വ്യക്തമാക്കി.