'വെറുതേ വീട്ടിലിരിക്കാതെ വല്ല പണിക്കും പോയിക്കൂടേ" എന്ന വിമർശനം കേട്ടിട്ടുള്ളവരാണ് നമ്മളിൽ പലരും. ഇപ്പോഴിതാ, ഈ ലോക്ക് ഡൗൺ കാലത്ത് യുവാക്കൾക്ക് വീട്ടിലിരുന്ന് തന്നെ പണിയെടുക്കാം, കൈ നിറയെ കാശുണ്ടാക്കാം. അതിന് ചില 'ഓൺലൈൻ" പൊടിവിദ്യകളുണ്ട്. ദാ ഇങ്ങനെ:
1. ട്യൂഷനെടുക്കാം
നിങ്ങൾക്ക് വൈദഗ്ദ്ധ്യമുള്ള വിഷയത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചോ, ഫേസ്‌ബുക്ക് കൂട്ടായ്‌മ വഴിയോ യൂട്യൂബ് ചാനലിലൂടെയോ ട്യൂഷൻ എടുത്ത് പണമുണ്ടാക്കാം. ഉദാഹരണത്തിന് : സ്‌പോക്കൺ ഇംഗ്ളീഷ് പഠിക്കാൻ താത്പര്യമുള്ളവർ ഒട്ടേറെക്കാണും. പി.എസ്.സി കോച്ചിംഗിനും ആവശ്യക്കാർ ഏറെയാണ്.
2. യൂട്യൂബ് ചാനൽ
നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തിൽ വൈദഗ്ദ്ധ്യമുണ്ടെങ്കിൽ അതുവച്ച് കാശുവാരാൻ ലഭിക്കുന്ന മാർഗമാണ് യൂട്യൂബ് ചാനൽ. ഉദാഹരണത്തിന്, നിങ്ങൾ പാചക വിദഗ്ദ്ധനാണെങ്കിൽ നല്ല വിഭവങ്ങൾ തയ്യാറാക്കുന്നത് യൂട്യൂബ് ചാനലിൽ പോസ്‌റ്ര് ചെയ്യാം. സബ്സ്‌ക്രൈബർമാരുടെ എണ്ണം കൂടിയാൽ കീശയിലേക്ക് കാശൊഴുകും.
കരകൗശല ആശയങ്ങൾ, കൃഷിയുടെ പൊടിക്കൈകൾ, പഠിക്കാനും വരയ്ക്കാനുമുള്ള എളുപ്പവഴികൾ തുടങ്ങിയവയൊക്കെ യൂട്യൂബ് ചാനലിലൂടെ അവതരിപ്പിക്കാം.
3. ബ്ളോഗെഴുതാം
വൈദഗ്ദ്ധ്യമുള്ള വിഷയത്തെ കുറിച്ച് മികച്ച ബ്ളോഗ് എഴുതി നൽകിയാൽ കാശ് തരുന്ന ഒട്ടേറെ ഓൺലൈൻ പോർട്ടലുകളുണ്ട്. ഉദാഹരണത്തിന്, യാത്രാവിവരണം എഴുതാം. സമൂഹത്തിലെ എന്തെങ്കിലും വിഷയത്തെ കുറിച്ചെഴുതാം. രാഷ്‌ട്രീയമാകാം. സിനിമയാകാം.
4. ടൈപ്പ് ചെയ്യൂ, കാശ് നേടൂ
ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (ബി.പി.ഒ), മെഡിക്കൽ ട്രാൻസ്‌ക്രിപ്‌ഷൻ (എം.ടി) എന്നൊക്കെ വായനക്കാർ കേട്ടിട്ടുണ്ടാകും. തിരക്കേറിയ ഡോക്‌ടർമാർക്ക് മെഡിക്കൽ റിപ്പോർട്ടുകൾ തയ്യാറാക്കാൻ സമയം കിട്ടിയെന്ന് വരില്ല. ഇവരാണ്, മെഡിക്കൽ ട്രാൻസ്‌ക്രിപ്‌ഷൻ സൗകര്യം തേടുന്നത്. നിങ്ങൾക്ക് കീബോർഡ് ടൈപ്പിംഗിൽ അതിവേഗ വൈദഗ്ദ്ധ്യമുണ്ടെങ്കിൽ മെഡിക്കൽ റിപ്പോർട്ട് ടൈപ്പ് ചെയ്‌ത് പണമുണ്ടാക്കാം.
ചില കമ്പനികൾ ചില ടാസ്‌കുകൾ ഔട്ട്‌സോഴ്‌സ് ചെയ്യാറുണ്ട്. ഫിനാൻസ് റിപ്പോർട്ട് തയ്യാറാക്കൽ, അക്കൗണ്ടിംഗ് തുടങ്ങിയവ ഇതിലുൾപ്പെടും. ഇതാണ് ബി.പി.ഒ. വീട്ടിലിരുന്ന് നിങ്ങൾക്ക് അത്തരം കമ്പനികളെ സഹായിച്ച് പണം നേടാനാകും.
5. ഫോട്ടോ എടുക്കൂ, കാശുണ്ടാക്കൂ
സ്‌മാർട്ഫോണുകളുടെ ഈ യുഗത്തിൽ എല്ലാവരും തന്നെ ഫോട്ടോഗ്രാഫർമാരാണ്. എന്നാൽ, ഫോട്ടോഗ്രഫിയിൽ അതിവൈദഗ്ദ്ധ്യം നിങ്ങൾക്കുണ്ടോ? നിങ്ങളെടുത്ത ഫോട്ടോസ് മികവുറ്റതാണെങ്കിൽ പ്രമുഖ ഫോട്ടോഗ്രഫി സൈറ്റുകളിൽ അവ അപ്‌ലോഡ് ചെയ്‌ത് വലിയ വരുമാനം നേടാം. ഷട്ടർസ്‌റ്രോക്ക്, ഗെറ്രി ഇമേജസ്, അഡോബീ, ഫോട്ടോഷെൽട്ടർ തുടങ്ങിയവ ഇത്തരത്തിൽ പണം നൽകുന്ന സൈറ്റുകളാണ്.
വെബ് ഡെവലപ്‌മെന്റ്, ഫ്രീലാൻസ് പ്രൂഫ്റീഡിംഗ്, കോപ്പിറൈറ്റിംഗ്, സ്‌പോർട്സ് കോച്ചിംഗ്, യോഗ പരിശീലനം, സർവേ സംഘടിപ്പിക്കൽ, ഗവേഷണം തുടങ്ങിയ മാർഗങ്ങളും ഓൺലൈനിലൂടെ ഇക്കാലത്ത് പയറ്രാവുന്നതാണ്.