മാഡ്രിഡ് : ഇറ്റലിക്ക് പിന്നാലെ സ്‌പെയിനിലും കൂട്ടക്കുരുതി തുടരുന്ന കൊറോണ വൈറസ് സഞ്ചാരികളുടെ പറുദീസയെ പ്രേതഭൂമിയാക്കി മാറ്റി. മരണസംഖ്യയിൽ സ്‌പെയിൻ ചൈനയെയും മറികടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 738 പേരാണ് സ്‌പെയിനിൽ കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,100 കവിഞ്ഞു. 3281 പേരാണ് ചൈനയിൽ ഇതുവരെ മരിച്ചത്.
സ്പെയിനിൽ 60, 000ത്തോളം പേർക്ക് ഇതുവരെ രോഗം ബാധിച്ചു. ഉപപ്രധാനമന്ത്രി കാർമൽ കാൽവോയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ മാത്രം 7000ത്തോളം പേർ രോഗബാധിതരാണെന്ന് കണ്ടെത്തി. സ്‌പെയിനിന്റെ തലസ്ഥാനമേഖലയായ മാഡ്രിഡിലാണ് മരണം ഏറ്റവും കൂടുതൽ - 1, 825. ആശുപത്രികളിൽ രോഗികൾ നിറഞ്ഞു കവിയുകയാണ്. സൈന്യം രാജ്യത്തെ ഏറ്റവും വലിയ താത്കാലിക ആശുപത്രി സജ്ജമാക്കുകയാണ്. 1,500 കിടക്കകൾ തയ്യാറാക്കി കഴിഞ്ഞു. പൂർത്തിയാകുമ്പോൾ 5, 000 കിടകകൾ ഉണ്ടാവും.സ്പെയിനിലെ നില അതീവ ഗുരുതരമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. രോഗികളുടെ എണ്ണവും മരണസംഖ്യയും ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്.
മാർച്ച് 13 മുതൽ 15 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഏപ്രിൽ 11 വരെ തുടരാനാണ് തീരുമാനം. അടിയന്തരമായി സഹായിക്കണമെന്ന് നാറ്റോയോട് സ്പെയിൻ ആവശ്യപ്പെട്ടു. മെഡിക്കൽ സഹായവും, പ്രതിരോധ ഉപകരണങ്ങളും നൽകണമെന്നാണ് ആവശ്യം. ചൈനയിൽ നിന്ന് ഇവ വാങ്ങാനും തീരുമാനിച്ചു.
കളിക്കളത്തിൽ കുന്നുകൂടി മൃതദേഹങ്ങൾ
'പാലാഷ്യോ ദെ ഹീയലോ'. സ്പെയിനിലെ മാഡ്രിഡ് നഗരത്തിലെ ഐസ് പാലസ് എന്നർത്ഥമുള്ള സ്റ്റേഡിയം. കുറച്ചുനാൾ മുമ്പ് കുട്ടികളും മുതിർന്നവരുമെത്തി ഐസ് ഹോക്കിയും സ്കേറ്റിംഗും നടത്തി കളിച്ച് ഉല്ലസിച്ചിരുന്ന സ്ഥലം. ഇന്നിവിടം മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഓരോ നിമിഷവും മൃതദേഹങ്ങൾ വന്നുകൊണ്ടിരിക്കുന്നു. സംസ്കരിക്കാൻ ഇടമില്ല. കോച്ചിവിറയ്ക്കുന്ന തണുപ്പിൽ കുന്നു കൂട്ടിയിട്ടിരിക്കയാണ് കൊറോണ കൊന്നൊടുക്കിയവരെ. വൈറസ് ബാധിച്ച് മരിച്ചവരായതിനാൽ എല്ലാ ക്രമീകരണങ്ങളും പാലിച്ച് ശ്രദ്ധയോടെ മാത്രമേ സംസ്കരിക്കാനാകൂ. അതിന് ഇടമില്ലാത്തതിലാണ് കളിസ്ഥലം സ്പാനിഷ് സൈന്യം ഏറ്റെടുത്ത് മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം 'മാഡ്രിഡ് മുനിസിപ്പൽ ഫ്യൂണറൽ സർവീസ്" എന്ന ശവസംസ്കാര കേന്ദ്രം പ്രവർത്തനം നിറുത്തിയിരുന്നു. ജോലിക്കാർക്ക് സ്വയം സംരക്ഷിക്കാനുള്ള കവചങ്ങളോ പ്രതിരോധ ഉപകരണങ്ങളോ ഇല്ലാത്തതിനാലാണ്. നഗരത്തിലെ 14 സെമിത്തേരികളും രണ്ട് ഫ്യൂണറൽ പാർലറുകളും രണ്ട് ശ്മശാനങ്ങളും കൈകാര്യം ചെയ്യുന്നത് ഇവരാണ്. മൃതദേഹങ്ങൾ കൃത്യമായി പൊതിഞ്ഞ്, സുരക്ഷാക്രമീകരണങ്ങൾ പാലിച്ച് ശവപ്പെട്ടികളിൽ അടക്കം ചെയ്ത് എത്തിച്ചാൽ മാത്രമേ ഈ സെമിത്തേരികളിലോ ശ്മശാനങ്ങളിലോ സംസ്കാരം നടത്താനാകൂ. ഈ സാഹചര്യത്തിലാണ് വേറെ വഴിയില്ലാതെ സ്പാനിഷ് സർക്കാരിന് ഐസ് ഹോക്കി റിങ്ക് ഏറ്റെടുക്കേണ്ടി വന്നത്.