ഓർത്താൽ മലയാളിക്ക് കരച്ചിൽ വരും! ഈ കൊറോണക്കാലത്ത് ഉപേക്ഷിക്കേണ്ടിവന്ന ശീലങ്ങൾ അക്കമിട്ടെഴുതിയാൽ ആദ്യത്തെ അഞ്ചെണ്ണത്തിലൊന്നാകും, പൊറോട്ടയും ബീഫും! ഹോട്ടലുകളും റസ്റ്റോറന്റുകളും പൂട്ടി താഴിടാൻ പറഞ്ഞപ്പോൾ ആദ്യം പെരുമ്പറ കൊട്ടിയ ചങ്ക് ഹോട്ടൽ ഉടമയുടേതായിരിക്കില്ല, പൊറോട്ട അഡിക്ട് ആയിപ്പോയ മാന്യ ഉപഭോക്താക്കളുടേതായിരിക്കും. ബ്രിട്ടീഷുകാരും ചീനക്കാരും വന്ന് കേരളചരിത്രം ചവിട്ടിക്കുഴച്ചതിനെക്കാൾ വലിയ കുഴയ്‌ക്കലാണ് മൂന്നര പതിറ്റാണ്ടുകൊണ്ട് മലയാളിയുടെ നിത്യജീവിതത്തിൽ പൊറോട്ട നടത്തിയത്!
കേരളത്തിന്റെ ദേശീയഭക്ഷണം. ഏതു ജില്ലയിലും ഏതു വഴിയോരത്തും ഇരുപത്തിനാലു മണിക്കൂറും ലഭ്യമായ ഒരേയൊരു വിഭവം. ചോറൂണു കഴിഞ്ഞ പൈതൽ മുതൽ പരലോകം പൂകാൻ പാസ്പോർട്ടെടുത്ത് കാത്തിരിക്കുന്ന വന്ദ്യപിതാമഹന്മാർ വരെ ചാടിവീണ് ചൂസ് ചെയ്യുന്ന ഏകഭക്ഷണം. സ്റ്റാർ ലെവൽ മുതൽ തട്ടുകട സെറ്റപ്പിൽ വരെ ചെന്ന് ധൈര്യപൂർവം ഓർഡർ ചെയ്യാവുന്ന മോസ്റ്റ് ഫേവറിറ്റ് ഫുഡ് ഐറ്റം...! ഇതിലും വലിയൊരു പദവി കിട്ടാനുണ്ടോ, പൊറോട്ടയ്‌ക്ക്! അന്ത പൊറോട്ടയ്‌ക്കാണ് ഇന്ത മാതിരി ദുർഗതി! രണ്ടുനാലു ദിനത്തിൽ പൊറോട്ടയെ പമ്പയാറു കടത്തുന്നതും കൊറോണ...
ഹൊ! പൊറോട്ടയെന്നു കേട്ടാൽ മതി, അതിന്റെയൊരു ചൂടും അടുക്കടുക്കായുള്ള ആ ഇരിപ്പും സോഫ്ട് ക്യാരക്‌ടറും നാവിൽ തുള്ളിത്തുള്ളി വരും. കോംബിനേഷൻ ഐറ്റമായ ബീഫ് ഫ്രൈ കൂട്ടിനുണ്ടെങ്കിലോ- ഏഴെട്ട് പൊറോട്ടയൊക്കെ കൂൾ കൂളായി ഉദരം പൂകും. പുട്ടും പപ്പടവും, ദോശയും കടലയും, ഇഡ്ഡലിയും ചമ്മന്തിയും എന്നൊക്കെ മാത്രം മലയാളി അനുഭവിച്ചു ശീലിച്ച കോംബിനേഷൻ ഐറ്റംസിന്റെ പട്ടികയിലേക്ക് ചുമ്മാതങ്ങു വന്നുകയറി കസേര പിടിച്ചിട്ട് ഇരിപ്പുറപ്പിക്കുകയായിരുന്നു, പൊറോട്ടയും ബീഫും! വന്നു, കണ്ടു, കീഴടക്കി... എന്നൊക്കെ പറയുന്നത് ഇതാണ് സാർ!
തട്ടുകടയിൽ 'മാനുവൽ പൊറോട്ട മേക്കർ' വിയർത്തൊലിച്ചു നിന്ന് പൊറോട്ടയടിക്കുന്നതു കാണാൻ തന്നെയുണ്ട് ഒന്നൊന്നര ഹരം. കുഴച്ച മാവിന്റെ പരുവത്തിലാണ് ഇവൻ പൊതുജന സമക്ഷം പ്രത്യക്ഷപ്പെടുന്നതെങ്കിൽ, മാവുകുഴയ്‌ക്കൽ എന്ന അണിയറയിലെ കായിക പരിപാടിയെക്കുറിച്ച് അപവാദങ്ങൾ പലതാണ്. കിലോക്കണക്കിനു മൈദ നിലത്തേക്കു കുടഞ്ഞിട്ട്, അതിനു മീതെ കയറി നിന്നാണത്രെ കുഴയ്‌ക്കൽ. ചൂടുവെള്ളം, എണ്ണ, നെയ്യ്, മുട്ട... ഇത്യാദികൾ ഇടയ്‌ക്കിടെ പകർന്നുകൊടുക്കും. വാർക്കപ്പണിയെക്കാൾ കഷ്‌ടംപിടിച്ച ജോലിയായതുകൊണ്ട് പണിക്കാരൻ അഞ്ചു മിനിട്ടിനകം വിയർത്തൊലിക്കും. മാവിലേക്ക് പ്രത്യേകം ഉപ്പ് ചേർക്കേണ്ട ആവശ്യം വരില്ലത്രെ (പൊറോട്ട പ്രിയന്മാരോട് ലേലു അല്ലു... ലേലു അല്ലു...! ഇതൊക്കെ അസൂയക്കാർ പറഞ്ഞുണ്ടാക്കുന്നതാണെന്ന് വിചാരിച്ചാൽ മതി).
ഇനി കൺമുന്നിലെത്തിയാലോ? കുഴച്ച മാവ് കൈകൊണ്ട് പരുവപ്പെടുത്തി, ചെറിയ ഉരുളകളായി മുറിച്ചെടുത്ത്, കല്ലിൽ പരത്തി, ഇരുകൈകൾ കൊണ്ടും പിടിച്ചൊരു വീശുണ്ട് മോനേ... ആ വീശലിന്റെ പവർ ആണത്രെ പൊറോട്ടയുടെ ടേസ്റ്റ് നിശ്ചയിക്കുന്നത്. വീശിപ്പറക്കുന്ന പൊറോട്ട കടലാസുപരുവത്തിൽ ചിറകുവച്ച് കറങ്ങിത്തിരിഞ്ഞ് വീണ്ടും കല്ലിലേക്ക്. പിന്നെയാണ് പൊറോട്ട ചുറ്റുന്ന മാജിക്. കല്ലിൽ തിരിച്ചും മറിച്ചുമിട്ട് പാകമാകുമ്പോൾ ചട്ടുകം കൊണ്ട് കോരിയെടുത്ത് മേശപ്പുറത്തിട്ട് രണ്ടു കൈകൊണ്ടും പൊറോട്ടയുടെ സർവദിശയിൽ നിന്നും അടിയോടടി. അപ്പോഴാണ് ഇവൻ തട്ടുതട്ടായി രൂപപ്പെട്ട് സാക്ഷാൽ പൊറോട്ടയായി അവതരിക്കുന്നത്. ഓർക്കുമ്പോൾത്തന്നെ കുളിരു കോരുന്നു! ഇനി ബീഫ് ഫ്രൈ കൂടി ഓർഡർ ചെയ്‌താൽ മതി.
ഈ മൈദയെന്നു പറയുന്നത് ഏതു ധാന്യമെന്ന് പൊറോട്ടവീരന്മാരോട് ഒന്നു ചോദിച്ചു നോക്കണം. അങ്ങനെയൊരു ധാന്യമില്ലെന്നും ഗോതമ്പ് പൊടിക്കുന്നതിന്റെ വേസ്റ്റ് ആണ് മൈദയെന്നും അറിയാവുന്നവർ എത്രയോ തുച്ഛം. ദഹനപ്രശ്നവുമായി ഡോക്ടറുടെയടുത്ത് പിള്ളേരെ കൊണ്ടുചെല്ലുന്ന മാതാപിതാശ്രേഷ്ഠരോട് അദ്യമേ ചോദിക്കും:: ഡെയ്‌ലി എത്ര പൊറോട്ട കഴിക്കും? പൊറോട്ടയ്‌ക്ക് കേരളത്തിൽ ഇത്രയും പ്രചാരം നൽകിയത് അന്യസംസ്ഥാന തൊഴിലാളികളാണെന്നൊക്കെ നമ്മൾ ചുമ്മാ പറയും. മുപ്പതാണ്ടു മുമ്പ് കേരളത്തിൽ എവിടിരിക്കുന്നു, ഇത്രയും അന്യസംസ്ഥാന തൊഴിലാളികൾ? ഇനി തീരുമാനിക്കാം- കൊറോണയ്‌ക്കു ശേഷവും പൊറോട്ടയെ ദേശീയഭക്ഷണമായി തുടരാൻ അനുവദിക്കണോ? പിള്ളേരു കൂടി സമ്മതിക്കണം! അവർ പൊറോട്ടസമരം നടത്തി വീട് സ്തംഭിപ്പിച്ചു കളയും! കേരള ചരിത്രത്തിൽ ഈ വിപ്ളവം പിന്നീട് 'പൊറോട്ട സമരം' എന്നു വിളിക്കപ്പെടും.