ന്യൂഡൽഹി: കൊറോണ രോഗം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി വെന്‍റിലേറ്റർ നിർമാണത്തിനൊരുങ്ങി കാർ നിർമ്മാണ കമ്പനിയായ മാരുതി സുസൂകി. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ രോഗികളെ പരിചരിക്കാൻ കൂടുതൽ വെന്‍റിലേറ്ററുകൾ ആവശ്യമായി വരുന്നതിനാൽ സർക്കാർ കാർ നിർമാണ കമ്പനികളെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാരുതി സുസൂകി സർക്കാരിനെ സഹായിക്കാമെന്ന് ഉറപ്പ് നൽകിയത്.
ലോകം മഹാമാരിക്കെതിരെ പൊരുതുകയാണെന്നും,വെന്‍റിലേറ്റർ നിർമ്മാണത്തിനുളള മുഴുവൻ സാദ്ധ്യതകളും പരിശോധിക്കുമെന്നും മാരുതി സുസൂകി ചെയർമാൻ ആർ.സി ഭാർഗവ പറഞ്ഞു. വെന്‍റിലേറ്റർ കാർ നിർമ്മാണത്തിൽ നിന്നും ഏറെ വ്യത്യസ്ഥമാണെന്നും അതിനാൽ വെന്‍റിലേറ്റർ നിർമ്മാണത്തെ പറ്റി കൂടുതൽ പഠനം നടത്തിയ ശേഷം മറ്റു വിവരങ്ങൾ സർക്കാരിനെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബജാജ് ഗ്രൂപ്പ് തലവൻ രാഹുൽ ബജാജും വെന്‍റിലേറ്റർ നിർമാണത്തിനായി സർക്കാരിന് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം കാർ നിർമാണ കമ്പനിയായ മഹീന്ദ്ര നേരത്തെ തന്നെ വെന്‍റിലേറ്റർ നിർമാണം നടത്തുമെന്ന് സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാരുതിയും ബജാജും രംഗത്ത് വന്നത്.