കൊച്ചി: തുടർച്ചയായ മൂന്നാംദിനവും ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ ഒരുവേള 2,000 പോയിന്റിനടുത്ത് കുതിച്ച സെൻസെക്‌സ് 30,000 പോയിന്റും ഭേദിച്ചിരുന്നു. വ്യാപാരാന്ത്യം സെൻസെക്‌സ് 1,410 പോയിന്റ് നേട്ടവുമായി 29,946ലും നിഫ്‌റ്റി 323 പോയിന്റുയർന്ന് 8,641ലുമാണുള്ളത്.
ധനമന്ത്രി രക്ഷാപാക്കേജ് പ്രഖ്യാപിച്ചതാണ് ഓഹരികൾക്ക് കരുത്തായത്. നേരത്തേ അമേരിക്ക 153 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതും ഓഹരികൾക്ക് ഉണർവായിരുന്നു. ഓഹരികളിലെ നേട്ടം രൂപയ്ക്കും കരുത്തായി. ഇന്നലെ 73 പൈസ നേട്ടവുമായി ഡോളറിനെതിരെ 75.15ലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്. കഴിഞ്ഞവാരം മൂല്യം 76.30ലേക്ക് ഇടിഞ്ഞിരുന്നു.
ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി., ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി., ബജാജ് ഓട്ടോ, ഭാരതി എയർടെൽ എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികൾ. ഇന്നലെ മാത്രം സെൻസെക്‌സിന്റെ മൂല്യത്തിൽ 4.48 ലക്ഷം കോടി രൂപ വർദ്ധിച്ചു. മൂന്നു ദിവസത്തിനിടെ വർദ്ധന 11.12 ലക്ഷം കോടി രൂപ.