ന്യൂഡൽഹി: കൊറോണ ദുരിതം മറികടക്കാൻ പാവങ്ങൾക്ക് അഞ്ചു കിലോ അധിക ഭക്ഷ്യധാന്യവും അക്കൗണ്ടിൽ പണവും മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന 1.70 ലക്ഷം കോടി രൂപയുടെ ആശ്വാസ പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചു. മൂന്നു മാസത്തേക്കാണ് ആനുകൂല്യങ്ങൾ.
സ്ത്രീകളും തൊഴിലാളികളും കർഷകരും ഭിന്നശേഷിക്കാരും വിധവകളും നിർമ്മാണത്തൊഴിലാളികളും ഉൾപ്പെടെ 80 കോടി സാധാരണക്കാർക്ക് പ്രയോജനം ലഭിക്കും. തൊഴിലുറപ്പ് കൂലി 202 രൂപയായി വർദ്ധിപ്പിക്കാനും തീരുമാനമായി.
കൊറോണ പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ,
പാരാമെഡിക്കൽ സ്റ്റാഫ്, ആശാ വർക്കർമാർ തുടങ്ങിയവർക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും ധനമന്ത്രി പ്രഖ്യാപിച്ചു. 22 ലക്ഷം ആരോഗ്യ പ്രവർത്തകർ ഇൻഷ്വറൻസ് പരിധിയിൽ വരും.
കൊറോണക്കാലത്ത് ആരെയും പട്ടിണിക്കിടില്ലെന്ന് പദ്ധതി പ്രഖ്യാപിച്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സഹമന്ത്രി അനുരാഗ് ഠാക്കൂറും പങ്കെടുത്തു.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന എന്ന പാക്കേജ് ഇന്നലെത്തന്നെ പ്രാബല്യത്തിൽ വന്നു. ഏപിൽ ഒന്നുമുതൽ പണം ലഭിക്കും.
ഭവന വായ്‌പ, പ്രതിമാസ അടവ് തുടങ്ങിയവയിലെ ഇളവ് ഉടൻ തീരുമാനിക്കും. ഈ പാക്കേജ് പാവങ്ങൾക്കു വേണ്ടിയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു.
5 കിലോ അരി /ഗോതമ്പ്
80 കോടി പാവങ്ങൾക്ക് മൂന്നു മാസത്തേക്ക് പ്രതിമാസം അഞ്ചു കിലോ അധികം അരി / ഗോതമ്പ്. നിലവിലുള്ള അഞ്ചു കിലോ റേഷന് പുറമെയാണിത്. (ഇത് ഏഴു കിലോ ആയി കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു)
മൂന്നു മാസത്തേക്ക് ഒരു കുടുംബത്തിന് മാസം ഒരു കിലോ വീതം പയറ് (പ്രാദേശികമായി ഉപയോഗിക്കുന്നത്). രണ്ടു മാസത്തെ വിഹിതം മുൻകൂറായി വാങ്ങാം.
അക്കൗണ്ടിൽ പണം (ഡി.ബി.ടി)
കർഷകർക്ക് പ്രതിവർഷം 6000 രൂപ മൂന്നു ഗഡുക്കളായി നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ആദ്യ ഗഡു 2000രൂപ. (8.69 കോടി കർഷകർക്ക് നേട്ടം).
തൊഴിലുറപ്പ് കൂലി 202 രൂപ
തൊഴിലുറപ്പ് കൂലി 182 രൂപയിൽ നിന്ന് 202 ആയി വർദ്ധിപ്പിച്ചു. ഓരോരുത്തർക്കും 2000 രൂപ അധിക വരുമാനം കിട്ടും (അഞ്ചു കോടി കുടുംബങ്ങൾക്ക് നേട്ടം. തൊഴിലുറപ്പിൽ സമൂഹ അകലം പാലിക്കണം).
പ്രായമുള്ളവർ /ദിവ്യാംഗ് / വിധവകൾ: 1000 രൂപ
60 നു മുകളിൽ പ്രായമുള്ളവർക്കും ദിവ്യാംഗ് വിഭാഗക്കാർക്കും വിധവകൾക്കും ഒറ്റത്തവണ എക്സ്‌ഗ്രേഷ്യ തുകയായി 1000 രൂപ (മൂന്നു മാസത്തിനകം 500 രൂപ വീതം രണ്ട് ഗഡുക്കളായി അക്കൗണ്ടിൽ. മൂന്നു കോടി പേർക്ക് ഗുണകരം)
വനിതകൾക്ക് 500രൂപ
ജൻധൻ അക്കൗണ്ടുള്ള 20 കോടി വനിതകൾക്ക് എക്‌സ്‌ഗ്രേഷ്യ തുകയായി മാസം 500 രൂപ വീതം മൂന്നു മാസം. ജൻധൻ അക്കൗണ്ട് ഇല്ലാത്ത പാവപ്പെട്ട വനിതകളെയും സഹായിക്കും