ആലപ്പുഴ:'വയലാറിനെക്കുറിച്ചുള്ള റഫറൻസ് ഗ്രന്ഥം അടഞ്ഞു. ഇനി തുറക്കാൻ പറ്റാത്ത ഗ്രന്ഥം...' സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.പുരുഷോത്തമന്റെ വേർപാട് അറിഞ്ഞപ്പോൾ വയലാർ രാമവർമ്മയുടെ മകനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. വ്യക്തിപരമായി വയലാർ കുടുംബത്തിനുണ്ടായ വലിയ നഷ്ടമാണ് ഇതെന്നും ശരത് അനുസ്മരിച്ചു.
പ്രാണവായു കഴിഞ്ഞാൽ ടി.പുരുഷോത്തമന് ഏറ്റവും പ്രധാനം വയലാർ കൃതികളായിരുന്നു. അത് വയലാറിന്റെ കവിതകളാവാം, ചലച്ചിത്ര ഗാനങ്ങളാവാം, നാടക ഗാനങ്ങളാവാം. ഓരോ കൃതിയിലും വയലാർ കണ്ട ദർശനവും സൗന്ദര്യശാസ്ത്രവും മാനവികതയും സാമൂഹ്യതലങ്ങളും എല്ലാം നൂലിഴ തിരിച്ച് വ്യാഖ്യാനിക്കാനും മറ്റുള്ളവരിലേക്ക് അതിന്റെ അർത്ഥഗാംഭീര്യം ചോർന്നു പോകാതെ സന്നിവേശിപ്പിക്കാനും പുരുഷോത്തമനുണ്ടായിരുന്ന പ്രാവീണ്യം മറ്റൊരാളിൽ കാണാനാവില്ല. പുന്നപ്ര-വയലാർ വാർഷികാഘോഷ പരിപാടിയിലെ പ്രധാന ഇനമാണ് ഉച്ചസമയത്ത് വയലാറിലെ രക്തസാക്ഷി മണ്ഡപത്തിന് സമീപം നടക്കുന്ന വയലാർ അനുസ്മരണം.മുഖ്യ പ്രാസംഗികർ ഓരോ വർഷവും മാറിമാറി വരാറുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വയലാർ അനുസ്മരണ ചടങ്ങിലെ സ്വാഗത പ്രാസംഗികൻ ടി.പുരുഷോത്തമനാണ്. ഔപചാരികതയുടെ പേരിൽ മാറ്റാൻ കഴിയാത്ത ഒരു പതിവ് കലാപരിപാടിയായിരുന്നില്ല, ആ സ്വാഗതപ്രസംഗം. ഉദ്ഘാടകനോ മുഖ്യപ്രാസംഗികനോ ആരായിരുന്നാലും അനുസ്മരണ ചടങ്ങിനെത്തുന്ന വയലാർ ഭക്തർക്ക് വേണ്ട മഞ്ഞൾ പ്രസാദമായിരുന്നു പുരുഷോത്തമന്റെ സ്വാഗത പ്രസംഗം.
ആവർത്തനത്തിന്റെ അലോസരം തെല്ലുമില്ലാത്തതായിരുന്നു ഒരു മണിക്കൂർ ദീർഘിക്കുന്ന ആ സ്വാഗത പ്രസംഗങ്ങൾ. ദീർഘമായ രാഷ്ട്രീയ പ്രവർത്തനത്തിനിടെ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കുമ്പോൾ, അദ്ദേഹത്തിന്റെ വാക്കുകൾക്കും പ്രസംഗ ശൈലിക്കും വേറിട്ടൊരു സൗകുമാര്യം കിട്ടിയതും വയലാർ സാഹിത്യത്തോടുള്ള ഈ ചങ്ങാത്തത്തിലൂടെയാണ്. സാധാരണ തൊഴിലാളി കുടുംബത്തിൽ ജനിച്ചു വളർന്ന് സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ പുരുഷോത്തമൻ, നല്ലൊരു എഴുത്തുകാരനായി മാറിയത് അദ്ദേഹത്തിന്റെ നിരന്തരമായ വായനയും സാഹിത്യകൃതികളോടുള്ള അഭിനിവേശവും കൊണ്ടാണ്. ചെറുവാരണം പുരുഷോത്തമൻ എന്ന പേരിൽ ആനുകാലികങ്ങളിൽ കഥകളും സാഹിത്യ സംബന്ധിയായ ലേഖനങ്ങളും തുടരെ പ്രസിദ്ധീകരിച്ചിരുന്നു.
യുവജന പ്രസ്ഥാനത്തിലൂടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തിയ അദ്ദേഹം എം.ടി.ചന്ദ്രസേനൻ, സി.കെ.ചന്ദ്രപ്പൻ തുടങ്ങിയ മുൻനിര നേതാക്കളുമായി വളരെ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്.ദീർഘകാലം സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു.