തിരുവനന്തപുരം: പതിവിലും നേരത്തെ വിരുന്നെത്തിയ അവധിക്കാലത്ത് ലോക്ക് ആയി പോയ വിഭാഗമാണ് കുട്ടികളും. പരീക്ഷയില്ലെങ്കിലും കൊറോണ കാരണം പുറത്തിറങ്ങിയുള്ള കളികളും സമ്മർ ക്ലാസുകളും നഷ്ടമായ ഈ അവധിക്കാലത്ത് സ്വന്തമായി യൂ ട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ് അദ്വൈത് മാനവ് എന്ന ആറാം ക്ലാസുകാരൻ. ആക്കുളം ദ സ്കൂൾ ഒഫ് ഗുഡ് ഷെപ്പേർഡിലെ വിദ്യാർത്ഥിയായ അദ്വൈത് ഇതിനകം തന്നെ കൂട്ടുകാർക്കിടയിൽ താരമായികഴിഞ്ഞു.
'ടൈംസ് ബെറി' എന്ന് പേരിട്ടിരിക്കുന്ന യൂ ട്യൂബ് ചാനൽ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ കൂട്ടുകാർക്കിടിയിൽ ക്ലിക്കായി. കൊറോണ കാലമായതിനാൽ താൻ ചെയ്ത ആദ്യ വീഡിയോയിൽ എങ്ങനെ കൈകഴുകണമെന്നും വൈറസിനെ പ്രതിരോധിക്കേണ്ടത് എങ്ങനെയാണെന്നുമാണ് അദ്വൈത് പറയുന്നത്. ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയിലെ 'കുടുക്കുപൊട്ടിയ കുപ്പായം' എന്ന ഗാനം ഗിത്താറിൽ വായിച്ചത്, വാഹനങ്ങളെക്കുറിച്ചുള്ള അവലോകനം തുടങ്ങിയ വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിലാണ് വീഡിയോയുടെ അവതരണം.
വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്‌ലോഡ് ചെയ്യുന്നതുമെല്ലാം അദ്വൈത് സ്വന്തമായാണ്. ലോഗോ ഡിസൈനിംഗും മറ്റാരുടെയും സഹായമില്ലാതെ ചെയ്തു. തന്റെ പ്രായത്തിലുള്ള വിദ്യാർത്ഥികൾക്ക് പല വിഷയത്തിലുള്ള അറിവുകൾ തന്നെക്കൊണ്ട് പറ്റുന്നതുപോലെ പറഞ്ഞുകൊടുക്കാനാണ് ഇത്തരമൊരു ചാനൽ തുടങ്ങിയതെന്ന് അദ്വൈത് പറയുന്നു.
ഫെമി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ രാജീവ് കുമാറിന്റെയും ടെക്നോപാർക്കിലെ നാവിഗന്റ് ഇന്ത്യയിലെ അസി.ഓപ്പറേഷൻ മാനേജർ പാർവതി ജി.എസിന്റെയും ഏകമകനാണ് ഈ മിടുക്കൻ.