corona-testing

ഒടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് ഇന്ത്യയിൽ 649 പേരെയാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. രോഗം ബാധിച്ച് 13 പേർ മരണമടയുകയും 43 പേർക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. കൊറോണ വൈറസിന് കൂച്ചുവിലങ്ങിടാൻ ഏറ്റവും മികച്ച മാർഗമായി ശാസ്ത്രജ്ഞർ നിർദേശിക്കുന്നത് ഫലപ്രദമായ രോഗപരിശോധനാ രീതികളാണ്. ഈ സാഹചര്യത്തിൽ കൊറോണവൈറസ് പ്രതിരോധം ശക്തമാക്കാൻ രോഗപരിശോധനയ്ക്കായുള്ള 10 ലക്ഷം കിറ്റുകൾ വാങ്ങാൻ ഒരുങ്ങുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസേർച്ച്.

ആർ.എൻ.എ വൈറസായ കൊറോണ രോഗാണുവിനെ കണ്ടെത്താൻ ഏഴ് ലക്ഷം ആർ.എൻ.എ ടെസ്റ്റിംഗ് കിറ്റുകളും സ്ഥാപനം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. ജെനെറ്റിക്ക് മാപ്പിംഗ് വഴിയാണ് കൊറോണ രോഗാണുവിന്റെ സാന്നിദ്ധ്യം ഡോക്ടർമാർ മനസിലാകുന്നത്. പോളിമെറേസ് ചെയിൻ റിയാക്ഷൻ ടെസ്റ്റ് അഥവാ, പി.സി.ആർ ടെസ്റ്റ് എന്നാണ് ഈ പരിശോധനാ രീതി അറിയപ്പെടുന്നത്. ഒരു ത്രോട്ട് സ്വാബ് ഉപയോഗിച്ച് രോഗിയെന്ന് സംശയിക്കുന്ന ആളുടെ ശ്വാസനാളത്തിൽ നിന്നും സാംപിൾ ശേഖരിച്ച ശേഷം, ഏതെങ്കിലും തരത്തിലുള്ള വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയാൽ, അതിൽ നിന്നും ആർ.എൻ.എ എക്സ്ട്രാക്ട് ചെയ്താണ് ഈ ടെസ്റ്റ് നടത്തുക.

ശേഷം, പ്രൈമേഴ്‌സ് എന്നും പ്രോബ്സ് എന്നും പേരുള്ള ഡി.എൻ.എയുടെ അതിസൂക്ഷ്മ കണങ്ങൾ ഉപയോഗിച്ച് 'സാർഡ് കോവ് - 2' എന്ന ജീനോമിന്റെ സാന്നിദ്ധ്യമുണ്ടോ എന്ന് ശാസ്ത്രജ്ഞർ/ഡോക്ടർമാർ പരിശോധിക്കും. പരിശോധനക്കായി ഉപയോഗിക്കുന്ന കിറ്റുകളിൽ പ്രൈമേഴ്സും പ്രോബ്‌സും നേരത്തെ തന്നെ ഉൾപ്പെടുത്തിയിരിക്കും. അതുകൂടാതെ പരിശോധനയ്ക്ക് ആവശ്യമായ മാസ്റ്റർ മിക്സ്, കാലിബറേറ്റർസ്, കൺട്രോൾസ് എന്നിവയും ഈ കിറ്റിൽ ഉണ്ടാകും.