youth-congress-

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണയെ നേരിടാൻ യുവാക്കളെ അണിനിരത്തി സന്നദ്ധസേന വേണമെന്ന് മുഖ്യമന്ത്രിയുടെ ആഹ്വാനം നിമിഷങ്ങൾക്കകം ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്. കൊടിയുടെ നിറമൊന്നും നോക്കാതെ നാടിന് വേണ്ടിയുള്ള കൂട്ടായ്മ ആകണം അതെന്നായിരുന്നു മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയം. #WeAreReady എന്ന ഹാഷ്ടാഗോട് കൂടിയാണ് കോൺഗ്രസ് യുവനേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലും ഉപാദ്ധ്യക്ഷൻ ശബരീനാഥൻ എം.എൽ.എയും ഫേസ്ബുക്കിൽ കുറിപ്പ് പങ്കിട്ടു.

22നും 40നും മദ്ധ്യേ പ്രായമുള്ളവരെ ഉൾപ്പെടുത്തു രണ്ടുലക്ഷത്തി മുപ്പത്തിയാറായിരം പേർ അടങ്ങുന്ന സന്നദ്ധസേന കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 941 പഞ്ചായത്തുകളിൽ 200 വീതവും 87 മുനിസിപ്പാലിറ്റികളിൽ 500 വീതവും 6 കോർപ്പറേഷനുകളിൽ 750 വീതവും അംഗങ്ങളാണ് ഈ സേനയിൽ ഉണ്ടാവുക. ഇതിലേക്കുള്ള രജിസ്‌ട്രേഷൻ ഓൺലൈൻ വഴി നടത്തും. 'സന്നദ്ധം' എന്ന സാമൂഹ്യ സന്നദ്ധ സേനയുടെ വെബ് പോർട്ടൽ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കൽ, മറ്റു സംവിധാനങ്ങളിൽ നിന്ന് വിട്ടുപോയവരെ കണ്ടെത്തി ആശുപത്രിയിഷ എത്തിക്കുന്നതും കൂട്ടിരിക്കുന്നതും അടക്കമുള്ള സഹായങ്ങൾ നല്‍കുക, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെ വിതരണം തുടങ്ങിയ ചുമതലകളാണ് ഈ യുവജന സന്നദ്ധ സേവകർ നിര്‍വഹിക്കുക. ഇവർക്കുള്ള തിരിച്ചറിയൽ കാർഡുകളും വിതരണം ചെയ്യും. അവരുടെ യാത്രാച്ചെലവ് നല്‍കും. ഇവരെ സാമൂഹ്യ സന്നദ്ധസേനയുടെ ഭാഗമാക്കി മാറ്റും. ഇതിനുപുറമെ യുവജന കമ്മീഷൻ 1465 യുവ വോളണ്ടിയർമാരെ കണ്ടെത്തി അവരുടെ ലിസ്റ്റ് കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.