ന്യൂഡൽഹി : കൊറോണ രോഗബാധയെത്തുടർന്നുള്ള ലോകത്തുണ്ടായ പ്രതിസന്ധി മറികടക്കാൻ അഞ്ച് ലക്ഷം കോടി രൂപ വിപണിയിലേക്കിറക്കി സമ്പദ് വ്യവസ്ഥ പിടിച്ചു നിറുത്തുമെന്ന് ജി 20 ഉച്ചകോടി. മനുഷ്യജീവൻ രക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടും. ഭാവിയിലെ ഏതു വെല്ലുവിളിയെയും നേരിടാൻ തയ്യാറായി നിൽക്കും. ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്നും ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ തീരുമാനമായി.
അതേസമയം ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനം അടിമുടി മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. മഹാമാരികൾക്ക്നൽകേണ്ടിവരുന്ന വില വലുതെന്നും അദ്ദേഹം പറഞ്ഞു. ദുർബല രാജ്യങ്ങളെ സഹായിക്കണം. സാമ്പത്തിക നഷ്ടങ്ങൾക്ക് മേലെയാണ് ജനങ്ങളുടെ ജീവന്റെ വില. ഗവേഷണ ഫലങ്ങൾ പരസ്പരം പങ്കുവെക്കാൻ രാജ്യങ്ങൾ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. ഡോണൾഡ്
ട്രംപും, ഷി ജിൻപിംഗും ഉൾപ്പടെ പ്രമുഖ രാഷ്ട്ര നേതാക്കളെല്ലം ഇത് ആദ്യമായി വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന ഉച്ചകോടിയിൽ പങ്കെടുത്തു.