t

ആലപ്പുഴ: സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും കേരള ലാൻഡ് ഡെവലപ്മെന്റ് ബോർഡ് ചെയർമാനുമായ കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡ് വാരണം ചിറയിൽ ടി.പുരുഷോത്തമൻ (76) നിര്യാതനായി. ശാരീരികമായ അസ്വസ്ഥതയെ തുടർന്ന് നാല് ദിവസം മുമ്പ് എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു. സംസ്കാരം രാത്രി നടത്തി. ഭാര്യ: രത്നമ്മ. മക്കൾ: ജ്യോതി (നാടക സീരിയൽ രചയിതാവ്),ജെയ്‌മോൻ, ജോഷി. മരുമക്കൾ: ശ്രീകല, കവിത. സഹോദരങ്ങൾ: ടി.ചന്ദ്രശേഖരൻ, ടി.ഗംഗാധരൻ, ലളിത, ഉഷ, ടി. ബാബു.

പരേതരായ തങ്കപ്പൻ- ഭാർഗ്ഗവി ദമ്പതികളുടെ മകനായ പുരുഷോത്തമൻ യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1967ൽ കമ്യൂണിസ്​റ്റ് പാർട്ടി അംഗമായി. സംഘടനാ പ്രവർത്തനത്തിലൂടെ പാർട്ടിയുടെ വിവിധ തലങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. പാർട്ടി മാരാരിക്കുളം മണ്ഡലം സെക്രട്ടറി, ചേർത്തല താലൂക്ക് കമ്മി​റ്റി സെക്രട്ടറി, ജില്ലാ കമ്മി​റ്റി അസിസ്റ്റന്റ് സെക്രട്ടറി, ദീർഘകാലം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയ​റ്റ് അംഗം, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ നയിക്കുന്നതിൽ പ്രത്യേക വൈഭവം കാട്ടിയിരുന്നു. എതിരാളികളെ തന്റെ വാക്‌ധോരണിയിലൂടെ ശക്തമായി പ്രതിരോധിച്ചും പാർട്ടിയെ ന്യായീകരിച്ചും അണികളെ ആവേശഭരിതമാക്കിയും നയിക്കാൻ ടി.പുരുഷോത്തമന് കഴിഞ്ഞിരുന്നു.