pinarayi-vijayan

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ മതിപ്പ് രേഖപെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്ക് നിർദേശം നൽകിയിരുന്നുവെന്നും അതനുസരിച്ച് അദ്ദേഹം സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

'നമ്മളുടെ കാര്യങ്ങൾ കേന്ദ്രം അന്വേഷിക്കുന്നത് നല്ല കാര്യമാണ്. കേന്ദ്രത്തിൽ നിന്ന് പല സഹായവും നമുക്ക് കിട്ടേണ്ടതായിട്ടുണ്ട്. കേന്ദ്രമന്ത്രി നമ്മുടെ പ്രവർത്തനങ്ങളിൽ സംതൃപ്തിയും മതിപ്പും രേഖപ്പെടുത്തി. കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതായി അവർ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്ന് പല സഹായവും കേരളത്തിന് ലഭ്യമാകേണ്ടതുണ്ട്. അത് കേന്ദ്രമന്ത്രിയോട് ചോദിച്ചിട്ടുണ്ട്'-മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ ചോദിച്ചറിഞ്ഞുവെന്നും ഓരോ ദിവസവും കേരളത്തിൽ സർക്കാർ നടപ്പിലാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകുമെന്നുംണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.