കൊല്ലം: കൊറോണ നിരീക്ഷണത്തിനിടെ കാൺപൂരിലേക്ക് കടന്ന കൊല്ലം സബ് കളക്ടർ അനുപം മിശ്രയ്ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം വെസ്റ്റ് പൊലീസാണ് ഇന്നലെ രാത്രിതന്നെ 188, 269, 270, 271 എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. രണ്ടുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന തരത്തിലാണ് വകുപ്പുകൾ ചേർത്തിട്ടുള്ളത്. രോഗം പടർത്തുന്നതിനുള്ള സാഹചര്യം മന:പൂർവ്വം ഒരുക്കുക, സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
19ാം തീയതി മുതൽ നിരീക്ഷണത്തിലായിരുന്നു അനുപം മിശ്ര. ഇന്നലെ രാവിലെ ആരോഗ്യ നില പരിശോധിക്കാനായി ആരോഗ്യ പ്രവർത്തകർ എൻ.ജി.ഒ ക്വാർട്ടേഴ്സിലെ ഔദ്യോഗിക വസതിയിൽ എത്തിയപ്പോഴാണ് സബ് കളക്ടർ മുങ്ങിയ വിവരം അറിഞ്ഞത്. ഉച്ചയോടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ കാൺപൂരിലാണെന്ന് അനുപം മിശ്ര വ്യക്തമാക്കി. മൊബൈൽ ടവർ ലൊക്കേഷനും ഇവിടെയാണ് കാണിക്കുന്നത്.
ജില്ലാ കളക്ടറെയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് ഇദ്ദേഹം ഇവിടംവിട്ടത്. 2016 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ അനുപം മിശ്ര വിവാഹത്തിനായി അവധിയെടുത്ത് ഉത്തർ പ്രദേശിൽ പോയശേഷം 18ന് കൊല്ലത്ത് തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചിരുന്നു. മധുവിധുവിനായി വിദേശത്ത് പോകാൻ അനുമതി ചോദിച്ചുവെങ്കിലും കൊറോണ സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയാനാണ് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ നിർദ്ദേശിച്ചത്. അനുപം മിശ്രയ്ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവറും ഗൺമാനും നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇവർ ഇതിൽ നിന്നും വ്യതിചലിച്ചിട്ടുണ്ടെങ്കിൽ കേസെടുക്കുമെന്നും വെസ്റ്റ് പൊലീസ് അറിയിച്ചു.