ന്യൂയോർക്ക്: ലോകത്തൊട്ടാകെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 24,071 അയി ഉയർന്നു. 24 മണിക്കൂറിനിടെ രണ്ടായിരത്തിലേറെ ആളുകൾ വിവിധ രാജ്യങ്ങളിലായി മരിച്ചുവെന്നാണ് റിപ്പോർട്ട്. ഇറ്റലിയിലും സ്‌പെയിനിലുമാണ് കൂടുതൽ മരണം. നിലവിൽ 198 രാജ്യങ്ങളിലായി 5.31 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു.
അമേരിക്കയിൽ മാത്രം 86,197 പേർക്കാണ് കൊറോണ ബാധിച്ചത്. ഇതോടെ രോഗികളുടെ എണ്ണത്തിൽ അമേരിക്ക ചൈനയേയും ഇറ്റലിയേയും മറികടന്നു. അമേരിക്കയിൽ രോഗവ്യാപനം ദ്രുതഗതിയിലാണ്. ഒറ്റ ദിവസത്തിനിടെ പതിനായിരത്തിലേറെ പേർ രോഗികളായി. മരണം ആയിരത്തിലേറെയായി. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ആവശ്യമായ വെന്റിലേറ്ററുകളോ കിടക്കകളോ ആശുപത്രികളിലില്ലെന്ന് യു.എസിലെ ആരോഗ്യപ്രവർത്തകർ പറയുന്നു. ന്യൂയോർക്കിൽ മാത്രമല്ല, രാജ്യമെങ്ങും സമാന അവസ്ഥയാണ്. മാസ്കുകൾ, ഗൗണുകൾ തുടങ്ങിയവയ്ക്കും ക്ഷാമമുണ്ട്.
അതേസമയം, ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 694 ആയി. കേരളത്തിലാണ് ഏറ്റവും കൂടുതലാളുകൾക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ജമ്മുകാശ്മീരിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഇന്നലെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ എഴുപതുകാരനാണ് മരിച്ചത്. സംസ്ഥാനത്ത് രോഗികൾ 43 ആയി. ജമ്മുകാശ്മീരിൽ ആദ്യ കൊറോണ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്. 65കാരനാണ് മരിച്ചത്. ഇയാളുമായി സമ്പർക്കം പുലർത്തിയ 48 പേരെ ക്വാറന്റൈൻ ചെയ്തു. ആകെ കേസുകൾ11 ആയി. ബീഹാറിൽ രോഗികളുടെ എണ്ണം 6 ആയി. മഹാരാഷ്ട്രയിൽ 124 കേസുകളായി. ആൻഡമാനിലും ഒരു കേസ് റിപ്പോർട്ട് ചെയ്തു.