കൊൽക്കത്ത: കൊറോണ ബാധിതരെ ചികിത്സിക്കുന്ന ആരോഗ്യ വിദഗ്ദ്ധരെ താമസസ്ഥലത്ത് നിന്ന് വീട്ടുടമകൾ ബലമായി ഒഴിപ്പിക്കുന്നതായി പരാതി. രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരോട് അടുത്തിടപഴകിയാൽ കൊറോണ പിടിപെടുമെന്ന ഭീതിയിലാണ് വീട്ടുടമകളുടെ നടപടി. ഇതിനെതിരെ ഫെഡറേഷൻ ഒഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
തങ്ങളെ താമസ സ്ഥലങ്ങളിൽ നിന്ന് ഇറക്കിവിടുന്നെന്നും എത്രവും പെട്ടെന്ന് വിഷയത്തിൽ ഇടപെടണമെന്നും ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിലൂടെ അവർ ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള പ്രവൃത്തി മെഡിക്കൽ പ്രൊഫഷണലുകളെ വളരെയധികം നിരുത്സാഹപ്പെടുത്തുമെന്ന് കത്തിൽ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് ബുദ്ധിമുട്ടുന്ന ഡോക്ടർമാരെയും മറ്റ് മെഡിക്കൽ പ്രൊഫഷണലുകളെയും പാർപ്പിക്കാൻ ഹോട്ടലുകൾ, ലോഡ്ജുകൾ, ഗസ്റ്റ്ഹൗസുകൾ എന്നിവ പശ്ചിമ ബംഗാൾ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതനുസരിച്ച് ജനതാ കർഫ്യൂ ദിനത്തിൽ ആരോഗ്യപ്രവർത്തകർക്ക് പാത്രം കൊട്ടിയും കയ്യടിച്ചുമൊക്കെ രാജ്യത്തെ ജനങ്ങൾ നന്ദി പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് താമസ സ്ഥലത്ത് നിന്ന് അവരെ ഇറക്കി വിട്ടിരിക്കുന്നത്.