jayaraj

1939ലെ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭയാനകമായ അന്തരീക്ഷം ചിത്രീകരിച്ച എന്റെ സിനിമ 'ഭയാനകം" ചൈനയിലെയും സ്പെയിനിലെയും അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ 2019ൽ പ്രദർശിപ്പിച്ചുകഴിഞ്ഞ്, കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'രൗദ്രം" (2018) എന്ന പുതിയ ചിത്രവുമായി അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലേക്ക് പോകാൻ തുനിയുമ്പോഴാണ് ഭയാനകവും രൗ ദ്രവും ചേർന്ന മാറ്റങ്ങൾ ലോകത്തുണ്ടാകുന്നത്. രണ്ട് ലോകമഹായുദ്ധങ്ങൾക്കും പ്ളേഗിനും സ്പാനിഷ് ഫ്ളൂവിനും ഒക്കെ പതിന്മടങ്ങ് മേലെ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരി എന്നെ സ്പർശിക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുമ്പോൾ ഭയത്തേക്കാൾ കൂടുതൽ നാമെത്രമാത്രം ബോധവാന്മാരാവേണ്ടിയിരിക്കുന്നു എന്ന തോന്നലാണ് അലട്ടുന്നത്.

2019 ഏപ്രിൽ 13

കോട്ടയത്തുനിന്നും ഞാനും ഭാര്യ സബിതയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോഴേക്കും രൺജി പണിക്കരും ചൈനയ്ക്ക് പോകാൻ തയ്യാറായി എത്തിയിരുന്നു. ഞങ്ങളുടെ ആദ്യത്തെ ബീജിങ് യാത്രയാണ്. 'ഭയാനകം" മത്സരവിഭാഗത്തിലായതുകൊണ്ട് ഞങ്ങൾക്ക് ആവേശം കൂടുതലാണ്. സിങ്കപ്പൂർ വഴി ബീജിങിലെത്തുമ്പോൾ സ്വീകരിക്കാൻ ദ്വിഭാഷികളായ ഈവയും സിസിലയും എത്തിയിരുന്നു. ബീജിങ് ഫിലിം സ്കൂളിലെ ഇംഗ്ലീഷറിയാവുന്ന വിദ്യാർത്ഥിനികളാണവർ.

അന്ന് വിഷുവായിരുന്നു. ഹോട്ടലിൽ ഡോറിയ റെഡ് കാർപെറ്റ് സ്വീകരണമൊരുക്കിയിരുന്നു. , ആദ്യ സ്ക്രീനിംഗ് ഇവയ്ക്കിടയിൽ ഞാൻ എന്റെ ആഗ്രഹം രൺജിയോടവതരിപ്പിച്ചു. ചൈനീസ് വൻമതിലും ഫോർബിഡെൻ സിറ്റിയും കാണണം. ഡോറിയ ഏർപ്പാടാക്കിയ കാറിൽ ഞങ്ങൾ ബീജിംഗിന്റെ ഹൃദയത്തിലൂടെ യാത്ര ചെയ്തു. മാവോയുടെ ചിത്രം നിറഞ്ഞുനിൽക്കുന്ന ഫോർബിഡെൻ സിറ്റിയുടെ ഓരോ കമാനം കടക്കുമ്പോഴും 'ലാസ്റ്റ് എംപറർ" സംവിധാനം ചെയ്ത ബെർട്ടുലൂച്ചിയെയും യഥാർത്ഥ അവസാന രാജകുമാരനെക്കുറിച്ചും ഓർത്തു .

ഈവയും സിസിലിയയും ഞങ്ങളെ കാണിക്കുവാൻ വിസമ്മതിച്ച ബീജിങ്ങിലെ ഒരു തെരുവ് ഞങ്ങൾ സന്ദർശിച്ചു. പാമ്പും തേളും തുടങ്ങി ലോകത്തിലെ ഒട്ടുമിക്ക ഉരഗങ്ങളും ക്ഷുദ്രജീവികളും വറുത്തുവിൽക്കപ്പെടുന്ന തെരുവ്. വൻമതിലിനേക്കാൾ അത്ഭുതം തോന്നി, ചീനക്കാർ അവയൊക്കെ വാങ്ങി രുചിയോടെ കഴിക്കുന്നത് കണ്ടപ്പോൾ.

ഫെസ്റ്റിവലിന്റെ സമാപനച്ചടങ്ങിൽ മജീദ് മജീദയെ കാണുമ്പോഴും ഏറ്റവും മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നിഖിലിനുവേണ്ടി ഏറ്റുവാങ്ങുമ്പോഴും ഈവയോടും സിസിലിയോടും യാത്ര പറഞ്ഞ് ബീജിംഗിൽ നിന്ന് മടങ്ങുമ്പോഴും മനസിൽ തങ്ങിനിന്നത് അപൂർവ തെരുവിന്റെ കാഴ്ചയാണ്.

2019 മേയ് 24

സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന ഇമാജിൻ ഇന്ത്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും 'ഭയാനകം" മത്സര വിഭാഗത്തിലായിരുന്നു. കാളപ്പോര് കാണണം, റയൽ മാഡ്രിഡ് സ്റ്റേഡിയം കാണണം. ലോകപ്രശസ്ത പ്രാഡോ മ്യൂസിയം കാണണം. ഞാൻ രൺജിയോട് പറഞ്ഞു. ഫെസ്റ്റിവൽ ഡയറക്ടർ ഗാസി അബു ശരിക്കും ഇന്ത്യക്കാരനാണ്. വിഭജനം കഴിഞ്ഞപ്പോൾ ബംഗ്ളാദേശിയായി. ഇപ്പോൾ മാഡ്രിഡുകാരൻ.

ഭയാനകത്തിന്റെ പ്രദർശന സമയത്ത് അബു പരിചയപ്പെടുത്തിയ മഹത് വ്യക്തി പ്രൊജക്ഷനിസ്റ്റ് അലക്സ് ഇവാനോവ്. ഗംഭീര പ്രൊജക്ഷൻ. ഇതുവരെ കണ്ട ഭയാനകത്തിന്റെ ഏറ്റവും മികച്ച സ്ക്രീനിംഗ്. ഞങ്ങൾ അദ്ദേഹത്തെ അഭിനന്ദിച്ചു. ഇന്ത്യയോടും ഇന്ത്യൻ സിനിമയോടും ആദരവാണ് അലക്സ് ഇവാനോവിന്.

കാളപ്പോരിന്റെ വിസ്മയം അനുഭവിച്ച് റയൽ മാഡ്രിഡിന്റെ മുന്നിൽ ഫോട്ടോയും എടുത്ത് നടക്കുമ്പോൾ ഓർത്തത് അലക്സിന്റെ സ്ക്രീനിംഗ് സെൻസിനെക്കുറിച്ച്.

മാഡ്രിഡിൽ രൺജിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതും എനിക്ക് മികച്ച അവലംബിത തിരക്കഥക്കുള്ള അവാർഡ് ലഭിച്ചതും ഒരുപക്ഷേ അലക്സ് ഇവാനോവിന്റെ മിടുക്കുകൊണ്ട് കൂടിയാണെന്ന് ഞങ്ങൾ വിശ്വസിച്ചു.

ലണ്ടൻ 2019 സെപ്തംബർ 25

രൗദ്രത്തിന്റെ പ്രദർശനവും എന്റെ മകൾ ധനുവിനെ കിങ്‌സ് കോളേജിൽ ചേർക്കാനുള്ള ലക്ഷ്യവും. അതായിരുന്നു ഈ ലണ്ടൻ യാത്രയ്ക്ക് പിന്നിൽ. ധനുവിനെ ഹോസ്റ്റലിലാക്കി 'രൗദ്ര"ത്തിന്റെ പ്രദർശനത്തിന് ബ്രൈറ്റണിൽ പോകുന്ന വഴിയാണ് 'ഈയം" എന്ന പ്ളേഗ് ഗ്രാമം കാണാൻ ഡോ. സീന ക്ഷണിക്കുന്നത്. അത്ഭുതത്തേക്കാളുപരി 1665 കാലത്ത് നമ്മളും എത്തിച്ചേർന്ന മനോനിലയിലായിരുന്ന ഞാൻ. 1665ലെ ഒരു വേനൽക്കാലത്ത് ലണ്ടനിൽ നിന്ന് കുറച്ച് തുണികൾ അലക്സാണ്ടർ ഹാഡ്‌ഫീൽഡ് എന്ന തയ്യൽക്കാരൻ വരുത്തി. പ്ളേഗിന്റെ ആദ്യത്തെ ഇര. ഈയം മുഴുവൻ പ്ളേഗ് ബാധിച്ചപ്പോൾ എട്ട് ദിവസം കൊണ്ട് എലിസബത്ത് ഹാൻകോക്കിന് നഷ്ടപ്പെട്ടത് ഭർത്താവിനെയും ആറ് മക്കളെയും ഓരോരുത്തരുടെ മൃതദേഹവും സ്വയം കുഴി കുഴിച്ച് മറവുചെയ്യേണ്ടിവന്ന എലിസബത്തിന്റെ ദാരുണ കഥ നമ്മെ കരയിക്കും.

ഒന്നൊന്നായി മനുഷ്യജീവൻ പൊലിയുന്നത് കണ്ട് ഗ്രാമീണർ വില്യം മോമ്പസൺ എന്ന പുരോഹിതന്റെ നേതൃത്വത്തിൽ ഒരു ശപഥമെടുത്തു. മാന വരാശി മുഴുവൻ ഇല്ലാതാക്കാൻ കെല്പുള്ള ഈ മഹാമാരി നമ്മളിൽ തീരണം. ഗ്രാമം കൊട്ടിയടച്ച് ആരും പുറത്തിറങ്ങാത്ത ആദ്യത്തെ സെൽഫ് ക്വാറന്റൈൻ എന്ന ആശയം. അതിർത്തിയിൽ ഒരു പാറമേൽ അടുത്തുള്ള ഗ്രാമീണർ വച്ചുപോകുന്ന ആഹാരം കഴിച്ചവർ മരണത്തോട് മല്ലടിച്ചു. ഒടുവിൽ 260 പേരുടെ ജീവനെടുത്ത് പ്ളേഗ് ശമിച്ചു. അയൽഗ്രാമങ്ങൾ രക്ഷപ്പെട്ടു. പള്ളിമുറ്റത്ത് നിറഞ്ഞുകാണുന്ന ശവക്കല്ലറകളിലും സമീപത്തുള്ള എല്ലാ വീടുകളിലും മരിച്ചവരുടെ എണ്ണവും നാമവും എഴുതിവച്ചിരിക്കുന്നു. ഇതുപോലൊരു മഹാമാരിയിൽ നിന്നും നമ്മുടെ വൈദ്യശാസ്ത്രം എത്രയോ വികസിച്ചിരിക്കുന്നു. മുന്നോട്ട് പോയിരിക്കുന്നു. എത്ര ഭാഗ്യവാന്മാരാണ് ഇന്നത്തെ തലമുറ. ഞാനോർത്തു.

2019 ഡിസംബർ

ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട വിവരമറിഞ്ഞ് ഞാൻ എന്റെ ചൈനീസ് സുഹൃത്തുക്കളായ ഈവ, സിസിലിയ, ഡോറിയ തുടങ്ങിയവർക്ക് വീ ചാറ്റിലൂടെ സന്ദേ ശം അയച്ചു.

'സൂക്ഷിക്കണം", അവർ എഴുതി, 'ഞങ്ങൾ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നില്ല. അത്യാവശ്യ സാധനങ്ങൾക്കായി മാസ്ക് വച്ച് പുറത്തുപോകും. അത്രമാത്രം."

മാർച്ച് മാസം വരെ അവർ സെൽഫ് ക്വാറന്റയ്‌ൻ എന്ന ഈയം ഗ്രാമസിദ്ധാന്തത്തിൽ ജീവിച്ചു. മഹാമാരി ഏതാണ്ട് ശമിച്ചുതുടങ്ങി. മരണസംഖ്യ 3,281.

2020 മാർച്ച് 24

പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിലെ ജനങ്ങളോടഭ്യർത്ഥിച്ചു. സ്റ്റേ അറ്റ് ഹോം, എന്നെ ഈയം ഗ്രാമം വീണ്ടും ഓർമ്മിപ്പിക്കുന്നു. ഒരു രാജ്യം മുഴുവൻ ക്വാറന്റൈൻ ചെയ്യുന്നതിലൂടെ കൊറോണ വൈറസിനെ ചെറുക്കാൻ ഏകമാർഗം. 1665ൽ നിന്നും 2020 ൽ എത്തുമ്പോൾ 355 വർഷത്തിന് മുമ്പുള്ള അവസ്ഥയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ നാമെന്ത് പുരോഗതി നേടി? അതിനേക്കാളുപരി ഒരു ചെറിയ ഗ്രാമം നമ്മെ പഠിപ്പിക്കുന്നു. വീണ്ടും വീണ്ടും.

മകളെ എനിക്ക് രക്ഷിക്കാനാവുമോ?

എന്റെ മകൾ ധനുവിനെ ലണ്ടനിലേക്ക് ഞാനിന്നലെയും വിളിച്ചിരുന്നു. അവളുടെ ഹോസ്റ്റലിൽ ആകെ നാല് പേർ മാത്രം. ഒരു മുറിയിൽ ഭയന്ന് കഴിയുന്ന എന്റെ മകളെ രക്ഷിക്കാൻ എനിക്കാവുമോ ? ലണ്ടൻ നിലച്ചുകഴിഞ്ഞു. 8,077 പേർക്ക് കോവിഡ്. 422 പേർ മരിച്ചു.

ചൈനയിൽ നിന്ന് സുഹൃത്തുക്കൾ ' ഇവിടെ ഞങ്ങൾ പുറത്തിറങ്ങാൻ തുടങ്ങി. ജോലിക്ക് പോകാനൊരുങ്ങട്ടെ."

മാഡ്രിഡിൽ നിന്നും ക്വാസി അബു വിളിച്ചു: 'സുഹൃത്തെ ഇവിടം ശവപ്പറമ്പായി മാറിക്കഴിഞ്ഞു. ഇന്ന് മാത്രം മാഡ്രിഡിൽ 264 പേർ മരിച്ചു. സ്പെയിനിൽ ആകെ 515 പേർ ഇന്ന് മാത്രം മരിച്ചു. നമ്മുടെ സുഹൃത്ത് പ്രൊജക്ഷനിസ്റ്റ് അലക്സ് ഇവാനോവ് മരിച്ച വിവരം ഖേദപൂർവം അറിയിക്കട്ടെ."

എന്റെ മനസിൽ മിന്നൽപ്പിണർ.

ഭയാകനത്തിനെക്കാൾ ഭയാനകം.

രൗദ്രത്തിനെക്കാൾ രൗദ്രം.

Stay at Home ( പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് ലേഖകൻ)