ഇസ്ലാമാബാദ്: കുട്ടികളുടെ പ്രതിരോധ കുത്തിവയ്‌പുകൾ മുടങ്ങുന്നത് പാകിസ്ഥാനെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടുമെന്ന് യുണിസെഫിന്റെ മുന്നറിയിപ്പ്. കൊറോണ ഭീതിമൂലം ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. അതിനാൽത്തന്നെ കുട്ടികളുടെ പ്രതിരോധ കുത്തിവയ്‌പുകൾ മുടങ്ങുകയാണ്. ഇത് പോളിയോ പോലുള്ള രോഗങ്ങൾ വരാൻ കാരണമായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് പൊതുവേ പോളിയോ കൂടുതലായി ബാധിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധിക്ക് മുമ്പുതന്നെ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്‌പ് നൽകാൻ പാകിസ്ഥാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
അതേസമയം, രണ്ട് ആഗോള പൊട്ടിത്തെറികൾ താങ്ങാൻ പറ്രില്ലെന്നും, പതിവ് രോഗ പ്രതിരോധ കുത്തിവയ്‌പുകൾ തുടരണമെന്നും ഗവി ബോർഡ് ചെയർ എൻഗോസി ഒകോൻ ജോ ഇവാല വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് ഇതിനോടകം 1,100 പേർക്ക് രോഗം ബാധിക്കുകയും, ഇതുവരെ ഒമ്പത് പേർ കൊറോണ ബാധിച്ച് മരണപ്പെടുകയും ചെയ്തു.
അതേസമയം, അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നുള്ള 1.4 ബില്യൺ യുഎസ് ഡോളറിനു പുറമേ, ലോക ബാങ്കിൽ ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിൽ നിന്നും 1.25 ബില്യൺ യുഎസ് ഡോളർ വീതം രാജ്യത്തേക്ക് വായ്പ നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ അബ്ദുൽ ഹഫീസ് ഷെയ്ഖ് പറഞ്ഞു.