ന്യൂഡൽഹി: ഒരുകാലത്ത് ഇന്ത്യൻ ടെലിസീരിയൽ ആരാധകരെ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തിയ ഒരു സീരിയലുണ്ട്. ഇന്നത്തെ പൈങ്കിളി സീരിയലുകളുടെ റേറ്റിംഗുകൾ നാണിച്ചു തലതാഴ്‌ത്തുന്ന തരത്തിൽ ജനങ്ങളുടെ ഹൃദയത്തെ അത്രമേൽ സ്വാധീനിച്ചിരുന്ന രാമായണത്തെ കുറിച്ചാണ് പറയുന്നത്. രാമാനനന്ദ സാഗറിന്റെ 'രാമായണം'. അവതരണഗാനം പോലും അത്രമേൽ ജനങ്ങളെ സ്വാധീനിച്ചിരുന്നു എന്നത് ഇന്നും രാമായണത്തിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒന്നാണ്. പിന്നീട് ആവർത്തനങ്ങൾ നിരവധി വന്നെങ്കിലും രാമാനനന്ദ സാഗറിന്റെ രാമായണം എന്നും ഉയർന്നുതന്നെ നിന്നു. 1987ൽ സംപ്രേക്ഷണം ആരംഭിച്ച് 88ൽ അവസാനിച്ച രാമായണം അക്കാലത്തെ തലമുറയ്‌ക്കൊന്നാകെ സമ്മാനിച്ചത് എന്നും ഓർക്കാൻ കഴിയുന്ന അതുല്യമായ ഒരു ഗൃഹാതുരതയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.
ഇപ്പോഴിതാ ആ ഓർമ്മകളിലേക്ക് വീണ്ടുമൊരു സഞ്ചാരത്തിന് അവസരം വന്നുചേർന്നിരിക്കുകയാണ്. 33 വർഷത്തിന് ശേഷം രാമായണം ദൂരദർശനിൽ പുനസംപ്രേക്ഷണം ചെയ്യുന്നു. കേന്ദ്ര പ്രേക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ 21 ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങളെ വീട്ടിൽ ഇരുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് രാമായണത്തിന്റെ പുനസംപ്രേക്ഷണം. മാർച്ച് 28 മുതലാണ് ടെലികാസ്‌റ്റിംഗ് ആരംഭിക്കുക. സോഷ്യൽ മീഡിയയിൽ അടക്കം ഏറ്റവുംകൂടുതൽ പേർ ആവശ്യപ്പെട്ടത് രാമായണം, മഹാഭാരതം, ശക്തിമാൻ തുടങ്ങി ഒരുകാലത്ത് ദൂരദർശനിൽ തരംഗം തീർത്ത സീരിയലുകൾ പുനസംപ്രേക്ഷണം ചെയ്യണം എന്ന കാര്യമായിരുന്നു.
രാവിലെ 9 മുതൽ 10 വരെ ഒരു എപ്പിസോഡും, രാത്രി 9 മുതൽ 10 വരെ ഇതിന്റെ തുടർച്ചയും എന്ന ക്രമത്തിലാണ് രാമായണത്തിന്റെ സംപ്രേക്ഷണം. അരുൺ ഗോവിൽ, ദീപിക ചിഖാലിയ, സുനിൽ ലാഹ്‌രി എന്നിവരാണ് യഥാക്രമം ശ്രീരാമൻ, സീത, ലക്ഷ്‌മണൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.