mumbai

മുംബയ്: മഹാരാഷ്‌ട്രയിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന മുഴുവൻ കടകളും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കൊറോണ വൈറസ് വ്യാപനതെ തുടർന്ന് രാജ്യമാകെ ലോക്ക് ഡൗൺ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ ലഭ്യമാകുന്നതിന് വേണ്ടിയാണ് മഹാരാഷ്‌ട്ര സർക്കാർ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കടയിൽ ക‌ൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും , സാധനം വാങ്ങാൻ വരുന്നവരുമായി അകലം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു. ചരക്കു വാഹനങ്ങൾക്ക് അതാത് സ്ഥലത്തെ ഉദ്യോഗസ്ഥരിൽ നിന്നും അനുമതി വാങ്ങി സർവ്വീസ് നടത്താം. ചരക്ക് ഇറക്കി തിരികെ വരുന്ന ഡ്രൈവർമാർക്ക് എതിരെ നടപടിയെടുക്കരുത് എന്നും, അവരോട് മാന്യമായി പെരുമാറണമെന്നും മാഹാരാഷ്‌ട്ര സർക്കാർ പൊലീസിന് നിർദേശം നൽകി.


അതേസമയം ചില സ്ഥലങ്ങളിൽ ഡോക്ടർമാർ ഉൾപ്പടെയുളള ചില ആരോഗ്യ വകുപ്പ് ജീവനക്കാരെ കൊറോണ പകരുമെന്ന് സംശയിച്ച് വാടക വീട്ടിൽ നിന്നും ഉടമസ്ഥർ ഇറക്കി വിടുന്ന സാഹചര്യമുണ്ട് . അത്തരക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മഹാരാഷ്‌ട്ര സർക്കാർ വ്യക്തമാക്കി. നിലവിൽ 125 പേർക്കാണ് മഹാരാഷ്‌ട്രയിൽ കൊറോണ സ്ഥിരീകരിച്ചത്.