ഈ മലയാളിക്കെന്തു പറ്റിയെന്ന് ഞാൻ കഴിഞ്ഞദിവസം വിചാരിച്ചിരുന്നു.പൊലീസുമായി തർക്കിക്കുന്നു,ചിലയിടങ്ങളിൽ വഴക്കുണ്ടാക്കുന്നു.പൊലീസ് ചെയ്യുന്നത് വലിയൊരു സേവനമാണെന്ന് അവർ തിരിച്ചറിയാത്തതെന്താണ്?ഞാൻ എല്ലാ മലയാളികളെക്കുറിച്ചുമല്ല പറയുന്നത്.ഭൂരിഭാഗംപേരും സകല നിർദ്ദേശങ്ങളും അനുസരിച്ച് വീട്ടിൽത്തന്നെയിരിക്കുമ്പോൾ പേരുദോഷമുണ്ടാക്കാൻ കുറച്ചുപേർ മതിയല്ലോ..
എല്ലാവരും വീട്ടിലിരിക്കണമെന്നേ പറയുന്നുള്ളല്ലോ.വേറെ പണിയൊന്നും ചെയ്യാൻ പറഞ്ഞിട്ടുമില്ല.പൊലീസുകാർക്കും കുടുംബവും കുട്ടികളുമൊക്കെയുണ്ട്.നമ്മുടെയെല്ലാം ജീവൻരക്ഷിക്കാനാണ് അവർ സ്വന്തം ജീവൻ പണയംവച്ച് റോഡിലിറങ്ങി നിൽക്കുന്നത്.ചില രാജ്യങ്ങളിൽ സൈന്യം ജനങ്ങളെ തല്ലുന്ന ദൃശ്യങ്ങൾ കണ്ടിരുന്നു.ഇവിടെ അങ്ങനെയൊന്നും ഇല്ലല്ലോ.വളരെ മര്യാദയോടെയാണ് പൊലീസ് പെരുമാറുന്നത്.ചില ഒറ്റപ്പെട്ട സംഭവങ്ങൾ കണ്ടേക്കാം.അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രിതന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കൊറോണ രോഗത്തിന്റെ ഗൗരവം മലയാളികൾ ഇനിയും മനസിലാക്കിയിട്ടുണ്ടോയെന്ന് സംശയമാണ്.രോഗം ബാധിച്ചവരുടെ അവസ്ഥയെക്കുറിച്ച് ഞാൻ ചില ദൃശ്യങ്ങൾ കണ്ടിരുന്നു.സഹിക്കാൻ പറ്റില്ല. അപ്പോൾ നമ്മൾക്ക് ചെയ്യേണ്ടത് ഗവൺമെന്റ് മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ ശിരസാവഹിക്കുകയെന്നതാണ്.സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി മാത്രമാണ് അവർ പറയുന്നത്.പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊക്കെ ആഹ്വാനം ചെയ്യാനല്ലേ പറ്റുകയുള്ളു.ജനങ്ങൾ സഹകരിച്ചാൽ മാത്രമേ വിജയിപ്പിക്കാൻ കഴിയുകയുള്ളു.മൂന്നാഴ്ച നമ്മൾ ശ്രദ്ധിച്ചാൽ രാജ്യംതന്നെ രക്ഷപ്പെടും.അത് മാത്രം ആലോചിച്ചാൽ മതി.
കൊറോണ വൈറസിന്റെ വ്യാപനം നമ്മളാരും വരുത്തിവച്ചതല്ല.ശ്രദ്ധയില്ലായ്മ കൊണ്ട് പറ്റിയതാണെന്ന് പറയുമ്പോഴും പ്രകൃതി ഒന്ന് ചെവിക്ക് പിടിച്ചതായിട്ടാണ് എനിക്കു തോന്നുന്നത്.പ്രകൃതി ചില നിയന്ത്രണങ്ങളൊക്കെ വരുത്തിയതാണ്.മനുഷ്യന്റെ വഴിവിട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രകൃതി തന്നെ തടയിട്ടതുമാകാം.മനുഷ്യന്റെ സാന്നിദ്ധ്യത്തിനു പകരം റോബോട്ടുകൾ രംഗം കൈയടക്കുന്ന കാലമാകുമ്പോൾ പ്രത്യേകിച്ചും.
ഏപ്രിൽ 14 വരെ തികഞ്ഞ അച്ചടക്കത്തോടെ പെരുമാറണം. എന്തായാലും ഇന്നലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.ആരെയും അങ്ങനെ തള്ളിപ്പറയേണ്ടെന്നും തോന്നി.ഈ ആപത്തിനെ നമ്മൾക്ക് ഒരുമയോടെ നേരിടാം.മലയാളിയുടെ മഹത്വം ഉയർത്തിപ്പിടിക്കാം.