എറണാകുളം: രാജ്യം മുഴുവൻ ലോക്ക്ഡൗൺ നിയന്ത്രണത്തിലാണ്. സംഗതി ഇത്ര രൂക്ഷമായിരിക്കെ, അത് അംഗീകരിക്കാതെ ചുറ്റാനിറങ്ങി പൊലീസിനെ ചുറ്റിക്കുന്ന ഒരു വിഭാഗമുണ്ട്. ഇവർക്കെതിരെ കർശന നടപടി പൊലീസ് സ്വീകരിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം തൃപ്പൂണ്ണിത്തുറയിൽ ഒരു വിരുതനെത്തി. സ്‌കൂട്ടറിൽ എത്തിയ യുവാവിന്റെ അവകാശവാദം താൻ ഡി.ജിയുടെ അടുത്തയാളാണ് എന്നായിരുന്നു.
സംഭവം ഇങ്ങനെ-
പുതിയകാവ് കവലയിൽ സ്‌കൂട്ടറിൽ എത്തിയ യുവാവ് ആദ്യം പറഞ്ഞത്, ഫോർട്ട്‌കൊച്ചിയിൽ നിന്നു കോട്ടയം വരെ പോവുകയാണെന്നാണ്. സുഹൃത്തിന്റെ അമ്മയ്ക്ക് പ്രഷറിന്റെ ഒരു സ്ട്രിപ് ഗുളിക കൊടുക്കണം. ഒരു സ്ട്രിപ് ഗുളിക കൊടുക്കാൻ വേണ്ടി കോട്ടയം വരെയോ എന്നു ചോദിച്ചപ്പോഴായിരുന്നു 'വെടി'പൊട്ടിച്ചത്. 'ഞാൻ ഡിജിപിയുടെ അടുത്ത ആളാണ് വിട്ടേ പറ്റൂ.
സംഗതി പിശകാണെന്ന് മനസിലാക്കിയ പൊലീസുകാർ അങ്ങനങ്ങ് വിടാൻ തയ്യാറായില്ല. എന്നാൽപിന്നെ ചേട്ടൻ ഡി.ജി.പിയെ ഇപ്പോൾ തന്നെ വിളിക്ക്, എന്നിട്ടു പോയാൽ മതി' എന്നായി. അര മണിക്കൂറിനിടെ യുവാവ് പലരെയും വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ, 'ഡിജിപി'യെ കിട്ടാത്തതു കൊണ്ടാകണം,ഒരക്ഷരം മിണ്ടാതെ വന്ന വഴിയേ തിരിച്ചുപോയി.
ഒരൊറ്റ കാര്യം മാത്രമേ പൊലീസിനു പറയാനുള്ളൂ. 'ഊണും ഉറക്കവുമില്ലാതെയാണ് ഞങ്ങളിൽ പലരും വെയിലും പൊടിയുമൊക്കെ സഹിച്ചു നിരത്തിൽ കാവൽ നിൽക്കുന്നത്. ഇനിയും കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ കാഴ്‌ചകൾ കാണാൻ ഇറങ്ങിയാൽ പ്രശ്‌നം ഗുരുതരമാകും'.