മൂന്ന് മാസം ഇ.എം.ഐയും പലിശയും അടയ്ക്കേണ്ട
റിപ്പോ 0.75 ശതമാനവും റിവേഴ്‌സ് റിപ്പോ 0.90 ശതമാനവും കുറച്ചു
കൊച്ചി: കൊറോണ ദുരിതം മറികടക്കാൻ സഹായമായി റിസർവ് ബാങ്ക് എല്ലാ വായ്‌പകൾക്കും മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കു കൂടി കുറച്ചതോടെ ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശ കുറയും. ഈ മൂന്നുമാസം പലിശ അടയ്ക്കേണ്ട. ഈ കാലയളവിൽ ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് മാസത്തവണ (ഇ.എം.ഐ) പിടിക്കില്ല. മോറട്ടോറിയം അവസാനിച്ച ശേഷം മൂന്നു മാസത്തെ പലിശയും ഇ.എം.ഐയും അടച്ചുതുടങ്ങിയാൽ മതി. .ഫലത്തിൽ, വായ്‌പ മുഴുവൻ അടച്ചു തീർക്കാനുള്ള കാലാവധി മൂന്നു മാസം നീട്ടിക്കിട്ടും.
കേന്ദ്രത്തിന്റെ 1.70 ലക്ഷം കോടിയുടെ രക്ഷാപാക്കേജിനു പിന്നാലെ 3.74 ലക്ഷം കോടി രൂപയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടാണ് റിസർവ് ബാങ്ക് ഇളവുകൾ നൽകുന്നത്.
സാധാരണക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കൊറോണ ലോക്ക്ഡൗൺ കാരണം തൊഴിൽ ഇല്ലാതായവർക്കും ഇത് ആശ്വാസമാകും. വാണിജ്യ ബാങ്കുകളും റീജിയണൽ, റൂറൽ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്‌മാൾ ഫിനാൻസ് ബാങ്കുകളും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
സമ്പദ് വ്യവസ്ഥയിൽ പണലഭ്യത ഉറപ്പാക്കാൻ 3.74 ലക്ഷം കോടി രൂപ എത്തിച്ചു കൊണ്ടാണ് റിസർവ് ബാങ്കിന്റെ ആശ്വാസ നടപടികൾ.
റിസർവ് ബാങ്ക് ഗവർണറുടെ അദ്ധ്യക്ഷതയിൽ ഇന്നലെ അടിയന്തരമായി ചേർന്ന ധനനയ നിർണയ സമിതി (എം.പി.സി) യോഗമാണ് പാക്കേജ് നിശ്ചയിച്ചത്.
റിപ്പോ നിരക്കിലെ കുറവ്
3.74 ലക്ഷം കോടി വരുന്ന വഴികൾ
1. കടപ്പത്രങ്ങൾ ലേലം ചെയ്‌ത് ഒരു ലക്ഷം കോടി രൂപ. 25,000 കോടിയുടെ ലേലം ഇന്നലെ നടന്നു.
2 കരുതൽ ധന അനുപാതം നാലു ശതമാനത്തിൽ നിന്ന് ഒരു ശതമാനം കുറച്ചു. ഇതോടെ ബാങ്കുകൾക്ക് 1.37 ലക്ഷം കോടി രൂപ അധികം ലഭിക്കും. വായ്‌പാ വിതരണം കൂട്ടാൻ ഈ പണം ഉപയോഗിക്കാം. (മൊത്തം നിക്ഷേപത്തിന്റെ നാലു ശതമാനമാണ് അടിയന്തര ആവശ്യങ്ങൾക്കായി ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന കരുതൽ ധനം)
3.ബാങ്കുകൾ സർക്കാരിന്റെ കടപ്പത്രങ്ങൾ വാങ്ങാൻ മാറ്രിവയ്ക്കേണ്ട തുകയുടെ പരിധി രണ്ടു ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമാക്കി. ഇതുവഴി 1.37 ലക്ഷം കോടി രൂപ എത്തും.
ഭവന വായ്‌പാ പലിശ കുറയുന്നത് ഇങ്ങനെ
(ഉദാഹരണം) :
വായ്‌പ : 30 ലക്ഷം രൂപ
കാലാവധി : 20 വർഷം
പലിശ : 7.90%
ഇ.എം.ഐ : 24,907 രൂപ
മൊത്തം പലിശ ബാദ്ധ്യത : 29,77,636 രൂപ
മൊത്തം തിരിച്ചടവ് ബാദ്ധ്യത : 59,77,636രൂപ
പുതുക്കിയ പലിശ : 7.15%
ഇ.എം.ഐ : 23,530 (നേട്ടം 1,377 രൂപ )
മൊത്തം പലിശ ബാദ്ധ്യത : 26,47,163 (നേട്ടം 3,30,473)
മൊത്തം തിരിച്ചടവ് : 56,47,163
ഇത് യുദ്ധമാണ്. കൊറോണ മൂലമുണ്ടായ ആഗോള സമ്പദ്‌മാന്ദ്യം ഇന്ത്യയ്ക്കും തലവേദനയാകും. നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇങ്ങനെയൊന്ന് നേരിട്ടിട്ടില്ല. പ്രതിസന്ധി എത്രനാൾ നീളുമെന്ന് അറിയില്ല. ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം ശക്തമാണ്. ഉപഭോക്താക്കളുടെ നിക്ഷേപം സുരക്ഷിതമാണ്. ആശങ്കപ്പെട്ട് നിക്ഷേപം പിൻവലിക്കേണ്ടതില്ല.
--ശക്തികാന്തദാസ്, റിസർവ് ബാങ്ക് ഗവർണർ