sachin

മുംബയ്: കൊറോണ റിലീഫ് ഫണ്ടിലേക്ക് കനത്ത തുക സംഭാവന ചെയ്‌ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിലേക്കായി 25 ലക്ഷം രൂപ വീതം ആകെ അമ്പത് ലക്ഷം രൂപയാണ് സച്ചിൻ സംഭാവനയായി നൽകുക. വാർത്താ ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നിലവിലെ വിവരമനുസരിച്ച് കൊറോണ നിർമാർജനത്തിനായി ഒരു ഇന്ത്യൻ കായികതാരം നൽകുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

കായികലോകത്തു നിന്നടക്കമുള്ള നിരവധി സെലിബ്രിറ്റികൾ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹായവുമായി സർക്കാരിന് മുന്നിൽ നേരത്തെ തന്നെ എത്തിയിരുന്നു. പൂനെ ആസ്ഥാനമായുള്ള ഒരു എൻ.ജി.ഒ മുഖാന്തിരം എം.എസ് ധോണി ഒരു ലക്ഷം രൂപ നൽകിയിരുന്നു. 4000 ഫേസ് മാസ്‌കുകളാണ് പഠാൻ സഹോദരന്മാർ ( ഇർഫാൻ പഠാൻ, യൂസഫ് പഠാൻ) സംഭാവന ചെയ്‌തത്. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാഗുംലി 50 ലക്ഷം രൂപയുടെ അരി സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്നവരിലേക്ക് എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുകൂടാതെ,​ ഗുസ്‌തി താരമായ ബജ്‌രംഗ് പൂനിയ, സ്പ്രിന്റർ ഹിമ ദാസ് എന്നിവർ തങ്ങളുടെ ഒരുമാസത്തെ ശമ്പളം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് അറിയിച്ചു കഴിഞ്ഞു.