guruvayur

ഗുരുവായൂർ ക്ഷേത്രത്തിലെ ഉറക്കുപാട്ടെന്ന പേരിൽ പ്രചരിക്കുന്ന ഗാനവുമായി ബന്ധപ്പെട്ട് വ്യക്തതയുമായി ഗുരുവായൂർ ദേവസ്വം രംഗത്ത്. ഈ ഭക്തിഗാനം സമീപകാലത്ത് ഗുരുവായൂർ ദേവസ്വം തന്നെ നിർമ്മിച്ചതാണെങ്കിലും അത് ക്ഷേത്രത്തിലെ നിത്യചടങ്ങുകളുമായി ഇതേവരെ ബന്ധപ്പെടുത്തിയിട്ടില്ലെന്ന് ദേവസ്വം ചെയർമാൻ വ്യക്തമാക്കി. ശബരിമലക്ഷേത്രത്തിൽ ഹരിവരാസനം കേൾപ്പിക്കുന്ന മാതൃകയിൽ ഗുരുവായൂരപ്പന് ഉറക്കുപാട്ട് കേൾപ്പിക്കുന്ന പതിവ് ഗുരുവായൂർ ക്ഷേത്രത്തിലില്ല. അത്താഴപൂജ കഴിഞ്ഞ്, രാത്രി ശീവേലിക്കു ശേഷം കീഴ്ശാന്തി ചെയ്യുന്ന 'തൃപ്പുക'യോടെ ആണ് ഗുരുവായൂർ ക്ഷേത്രനട അടയ്ക്കുന്നതെന്നും കുറിപ്പിലുണ്ട്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ഗുരുവായൂരപ്പനെ അത്താഴപ്പൂജയ്ക്കു ശേഷം പാടിയുറക്കുന്ന ഉറക്കുപാട്ടാണെന്ന പേരിൽ ഒരു ഗാനം പ്രചരിക്കുന്നുണ്ട്. ഈ ഭക്തിഗാനം സമീപകാലത്ത് ഗുരുവായൂർ ദേവസ്വം തന്നെ നിർമ്മിച്ചതാണെങ്കിലും അത് ക്ഷേത്രത്തിലെ നിത്യചടങ്ങുകളുമായി ഇതേവരെ ബന്ധപ്പെടുത്തിയിട്ടില്ല.

രാവിലെ, നിർമ്മാല്യത്തിനു മുന്നോടിയായി ഗുരുവായൂരപ്പന് ഏറെ പ്രിയപ്പെട്ട നാരായണീയശ്ലോകങ്ങൾ ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുന്നതൊഴിച്ചാൽ, ശബരിമലക്ഷേത്രത്തിൽ ഹരിവരാസനം കേൾപ്പിക്കുന്ന മാതൃകയിൽ ഗുരുവായൂരപ്പന് ഉറക്കുപാട്ട് കേൾപ്പിക്കുന്ന പതിവ് ഗുരുവായൂർ ക്ഷേത്രത്തിലില്ല. അത്താഴപൂജ കഴിഞ്ഞ്, രാത്രി ശീവേലിക്കു ശേഷം (വിളക്കെഴുന്നള്ളിപ്പുണ്ടെങ്കിൽ അതിനും ശേഷം) ഏറെ നിഷ്‌കർഷയോടെ ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി ചെയ്യുന്ന 'തൃപ്പുക'യോടെ ആണ് ഗുരുവായൂർ ക്ഷേത്രനട അടയ്ക്കുന്നത്. ഈ സമയത്ത് ദർശനത്തിനു നിൽക്കുന്ന ഭക്തജനങ്ങളുടെ 'ശ്രീകൃഷ്ണഗോവിന്ദ ഹരേ മുരാരേ ഹേ നാഥ നാരായണ വാസുദേവ' എന്ന ശ്രീവില്വമംഗലം സ്വാമികളുടെ 'ഗോവിന്ദ ദാമോദര സ്‌തോത്രത്തിലെ' ഒരു വരിയാണ് ജപമായി ക്ഷേത്രാന്തരീക്ഷത്തിൽ മുഴങ്ങുക. തെറ്റിദ്ധാരണ നീക്കുന്നതിനുവേണ്ടി ഈവിവരം ഭക്തജനങ്ങളെ അറിയിച്ചു കൊള്ളുന്നു.'