കൽപ്പറ്റ :'ദയവ് ചെയ്ത് ആരും അനാവശ്യമായി പുറത്തിറങ്ങരുത്. സർക്കാർ പറയുന്നത് ക്ഷമയോടെ അനുസരിക്കുക. നമ്മുക്ക് ഇതിനെ അതിജീവിക്കണം. സന്തോഷിക്കാനുളള അവസരം കൈവരും" പറയുന്നത് സർക്കാരല്ല, ചലച്ചിത്രതാരം അനുസിത്താര.
വയനാട്ടുകാരിയായ അനു സിത്താര, ഭർത്താവ് വിഷ്ണുവിന്റെ കൽപ്പറ്റയിലെ വീട്ടിലാണുള്ളത്.
ദുബായിൽ നിന്ന് കഴിഞ്ഞ മാസം അവസാനം നാട്ടിലെത്തിയ അനു സിത്താര സമ്പർക്ക വിലക്കിലായിരുന്നു.
വിലക്ക് കാലവധി കഴിഞ്ഞെങ്കിലും ഭർത്താവിന്റെ വീട്ടിൽ തന്നെ തങ്ങുകയാണ്. ഒരു കിലോ മീറ്റർ മാത്രം അകലയുള്ള സ്വന്തം വീട്ടിലേക്ക് പോയത് ഒരു തവണ മാത്രം.
എന്തിന് നമ്മൾ വിലക്ക് ലംഘിക്കണം എന്ന ചിന്തയാണ് അതിനുകാരണം.ഭർത്താവിന്റെ വീട്ടിലാണെങ്കിലും അനു സിത്താരയ്ക്ക് തിരക്കൊഴിഞ്ഞിട്ട് നേരമില്ല. വീട്ടുജോലികൾ,വായന,നൃത്തം... പുസ്തകവായനയും നന്നായി നടക്കുന്നുണ്ട്. ഉറൂബിന്റെ ഉമ്മാച്ചുവാണ് ഇപ്പോൾ വായിച്ച് കൊണ്ടിരിക്കുന്നത്. വീട്ടിലാണെങ്കിൽ നിറയെ ആളുകളാണ്. അച്ഛൻ പ്രസന്നകുമാർ, അമ്മ കോമളം, 96ൽ എത്തിയ അപ്പൂപ്പൻ പ്രഭാകരൻ, ഭർത്താവിന്റെ സഹോദരന്മാരായ കൃഷ്ണപ്രസാദ്,ശിവപ്രസാദ്...
കൽപ്പറ്റ ഒാണിവയലിൽ ഭർത്താവിന്റെ തറവാട് വീടിനോട് ചേർന്ന് വീട് പണിതു. കൊറോണക്കാലമായതിനാൽ ആരോടും പറയാതെ പാലുകാച്ചി കയറി കൂടി. കൊറോണയിൽ കഷ്ടപ്പെടുന്നവരെ എങ്ങനെ സഹായിക്കാം എന്ന ചിന്തയിലാണ് ഇപ്പോൾ അനുസിത്താര.