trump

ന്യൂയോർക്ക്:കൊറോണയെ ചൈനീസ് വൈറസ് എന്ന് ആക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വൈറസ് തന്നെ പണികൊടുത്തമ്പോൾ മാനസാന്തരമായി.

കൊറോണ രോഗികളുടെ എണ്ണത്തിൽ ചൈനയേയും കടത്തിവെട്ടി ലോകത്ത് അമേരിക്ക ഒന്നാമതെത്തിയതോടെ ചൈനയ്ക്കെതിരായ നിലപാടിൽ ട്രംപ് അയവ് വരുത്തി. 'ചൈനീസ് വൈറസെന്ന്' വിളിച്ച് ചൈനയെ നിരന്തരം ആക്ഷേപിച്ച ട്രംപ്, ദുരഭിമാനം വെടിഞ്ഞ് കൊറോണയെ പ്രതിരോധിക്കേണ്ട വിധത്തെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ഫോണിലൂടെ ചർച്ച നടത്തി. നിലവിലെ ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തെന്നും വൈറസിനെക്കുറിച്ച് അഗാധമായ അറിവ് നേടിയ ചൈനയുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും സംഭാഷണത്തിന് ശേഷം ട്രംപ് പറഞ്ഞു. വൈറസിനെ തുടച്ചു നീക്കാൻ അമേരിക്ക ഉൾപ്പെടെ കൊറോണ ബാധിച്ച എല്ലാ രാജ്യങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഷി ജിൻ പിംഗ് ട്രംപിനോട് പറഞ്ഞു. വൈറസ് വ്യാപനത്തെ കുറിച്ച് പല തവണ മുന്നറിയിപ്പു ലഭിച്ചിട്ടും ട്രംപ് ഭരണകൂടം മുഖവിലയ്ക്കെടുത്തിരുന്നില്ല. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ അമേരിക്ക സജ്ജമാണെന്നായിരുന്നു ട്രംപിന്റെ മറുപടി. കാര്യങ്ങൾ കൈവിട്ടതോടെ ട്രംപിന്റെ നിലപാടിലും മാറ്റം വന്നതായാണ് വിലയിരുത്തൽ. 'ചൈനീസ് വൈറസ്' എന്ന ട്രംപിന്റെ പ്രയോഗത്തെ ചൈന ശക്തമായി അപലപിച്ചിരുന്നു. വൈറസിനെ ചെറുക്കാനുള്ള ചൈനയുടെ നീക്കങ്ങളെ ലോകാരോഗ്യ സംഘടനയുൾപ്പെടെ അഭിനന്ദിച്ചതാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. എന്നാൽ വൈറസ് വ്യാപനത്തിൽ ചൈനയെ പ്രതിക്കൂട്ടിൽ നിറുത്താനാണ് യു.എസ് ശ്രമിക്കുന്നതെന്നായിരുന്നു ചൈനയുടെ നിലപാട്.

 നമ്മുടെ ഗ്രഹത്തിന്റെ സിംഹ ഭാഗത്തെയും നശിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെക്കുറിച്ച് ചൈനീസ്‌ പ്രസിഡന്റുമായി വിശദമായി സംസാരിച്ചു. കൊറോണ മൂലം വളരെയധികം ബുദ്ധിമുട്ടിയ രാജ്യമാണ് ചൈന. വൈറസിനെ കുറിച്ച് വളരെ ശക്തമായ ധാരണ അവർക്കുണ്ട്. വളരെയധികം ബഹുമാനം. - ട്രംപിന്റെ ട്വീറ്റ്

 യു..എസ്-ചൈന ബന്ധം നി‌ർണായക ഘട്ടത്തിലാണ്. ബന്ധം മെച്ചപ്പെടുത്തുന്നതിൽ യു.എസ് കാര്യമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. - ഷി ജിൻ പിംഗ്