saudi

 ലോകത്തെ കൊറോണ മരണം കാൽലക്ഷം കടന്നു. ആകെ രോഗികളുടെ എണ്ണം ആറുലക്ഷത്തോളമായി.

 ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ മൂന്നിലൊന്നും ഇറ്റലിയിലാണ്. ഇന്നലെ മാത്രം 662 ആളുകൾ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 9000ത്തോളമായി. മരണസംഖ്യയിൽ കുത്തനെയുള്ള വർദ്ധനയാണുള്ളത്.

 സ്പെയിനിൽ മരണസംഖ്യ 5,000 കടന്നു. 70,000ത്തോളം പേർ രോഗബാധിതരായി.

ഇറാനിൽ വ്യാജമദ്യം കുടിച്ച് ഇതുവരെ 300 പേർ മരിച്ചതായി റിപ്പോർട്ട്. കൊറോണ ബാധിക്കാതിരിക്കാൽ മദ്യം കുടിച്ചാൽ മതിയെന്ന വ്യാജ പ്രചാരണത്തെ തുടർന്നാണിത്.

 കൊവിഡ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

 വൈറസ് വ്യാപനം തടയാൻ ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനായി 200 കോടി ഡോളർ സമാഹരിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭ തുടക്കമിട്ടു.

 വിദേശ സന്ദർശകർക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി ചൈന. വിദേശികളായ കൊറോണ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണിത്. ചൈനയ്ക്ക് പുറത്തു നിന്നുള്ള എല്ലാ വിമാനങ്ങൾക്കും രാജ്യം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച 55 പുതിയ കേസുകളാണുണ്ടായത്. ഇതിൽ 54 എണ്ണവും വിദേശികൾക്കാണ്.

 കടുത്ത നടപടിയുമായി സിംഗപ്പൂർ

സിംഗപ്പൂരിൽ ഏപ്രിൽ 30 വരെ പകർച്ചവ്യാധി നിയമം നടപ്പാക്കി. ബാറുകൾ അടച്ചു. 10ലധികം പേർ കൂടുന്നത് നിരോധിച്ചു. . ഒരു മീറ്റർ അകലം പാലിച്ചില്ലെങ്കിൽ ജയിലിലടയ്ക്കും. കസേരയിൽ ഇരിക്കുമ്പോൾ ഇടയ്ക്കുള്ള കസേരകൾ ഒഴിച്ചിടണം. വരിനിൽക്കുമ്പോഴും അകലം പാലിക്കണം. അല്ലെങ്കിൽ 1000 സിംഗപ്പൂർ ഡോളർ വരെ പിഴയോ ആറു മാസം തടവോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.

ആദ്യഘട്ടത്തിൽ ശക്തമായ നടപടികളിലൂടെ വൈറസ് വ്യാപനം പിടിച്ചു നിറുത്തിയ സിംഗപ്പൂരിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടുതൽ കേസുകൾ വരുന്നുണ്ട്. 683 പേരാണ് ആകെ രോഗബാധിതർ. രണ്ടു പേ‌ർ മരിച്ചു.

 ഒമാനിൽ കൊറോണ സമൂഹ വ്യാപനത്തിലേക്ക് കടന്നതായും കൂടുതൽ കേസുകൾ വരും ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒമാനിൽ രോഗ ബാധിതരുടെ എണ്ണം 109 ആയി ഉയർന്നു.

 സ്‍പെയിനും ഇറ്റലിയും കഴിഞ്ഞാൽ യൂറോപ്പിൽ മരണസംഖ്യ കൂടുതലുള്ളത് ഫ്രാൻസിലാണ്. 24 മണിക്കൂറിനിടെ 365 പേർ മരിച്ചു. രാജ്യത്ത് മരണസംഖ്യ 1700 കവിഞ്ഞു.

 മാതൃകയായി ജർമ്മനി

കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ജർമനി. എന്നാൽ മരണനിരക്ക് വെറും 0.4 ശതമാനം മാത്രമാണ്. ഇറ്റലിയും സ്‌പെയിനുമൊക്കെ യഥാക്രമം 9.7 ശതമാനം മരണനിരക്കുമായി കൊറോണയോട് മല്ലിടുമ്പോഴാണ് ജർമനിയുടെ ഈ ചെറുത്തുനിൽപ്പ്. സാമൂഹിക അകലം പാലിക്കൽ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിയാണ് ജർമനി കൊറോണയെ പ്രതിരോധിക്കുന്നത്.