fcb

മാഡ്രിഡ് : യൂറോപ്പിനെയാകെ ബാധിച്ച കൊറോണ വൈറസ് പ്രൊഫഷണൽ ഫുട്ബാൾ ക്ളബുകളുടെ വരുമാനത്തെയും സാരമായി ബാധിച്ചു. മത്സരങ്ങൾ ഒന്നും നടക്കാതെ വന്നതോടെ കളിക്കാർക്ക് കരാർ പ്രകാരമുള്ള ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയിലാണ് പല ക്ളബുകളും. ലയണൽ മെസി അടക്കമുള്ള സൂപ്പർ താരങ്ങൾ കളിക്കുന്ന ബാഴ്സലോണ കളിക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരിക്കുകയാണ്. വമ്പൻ സാമ്പത്തിക അടിത്തറയുള്ള ബാഴ്സ ഇൗ സ്ഥിതിയിലായതോടെ ശരാശരി ക്ളബുകളുടെ കാര്യം പറയുകയും വേണ്ട.

ഇൗ മാസമാദ്യത്തോടെ മത്സരങ്ങൾ നിറുത്തിവച്ച് തുടങ്ങിയപ്പോൾ തന്നെ കളിക്കളങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സാമ്പത്തിക നില താളംതെറ്റിയിരുന്നു. സ്റ്റേഡിയങ്ങളിലെ ജീവനക്കാരെ സഹായിക്കാൻ പ്രമുഖ കളിക്കാർ സംഭാവനകൾ നൽകിയിരുന്നു. യൂറോപ്പിലെ എല്ലാ മത്സരങ്ങളും നിറുത്തിവച്ചിരിക്കുകയാണ്. ഇനി എന്ന് തുടങ്ങുമെന്ന് ഒരു ധാരണയുമില്ല.

ജർമ്മൻ ഫസ്റ്റ് ഡിവിഷൻ ഫുട്ബാൾ ലീഗായ ബുണ്ടസ് ലിഗയിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ളബുകളെ സഹായിക്കാൻ മുൻനിര ക്ളബുകൾ മുന്നോട്ടുവന്നിട്ടുണ്ട്.ബയേൺ മ്യൂണിക്ക്,ബൊറൂഷ്യ ഡോർട്ട്മുണ്ട്,ആർ.ബി ലെയ്പ്സിഗ്,ബയേർ ലെവർകൂസൻ എന്നീ നാല് വമ്പൻ ക്ളബുകൾ ചേർന്ന് രണ്ട് കോടി യൂറോയാണ് സമാഹരിച്ച് ചെറു ക്ളബുകൾക്കായി നൽകിയത്. ജർമ്മനിയിൽ നിന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ പങ്കെടുത്ത ക്ളബുകളാണ് ഇൗ നാലും. അതിൽ നിന്ന് ടിവി സംപ്രേഷണാവകാശ ഇനത്തിൽ ലഭിച്ച തുകയും സ്വന്തം കരുതൽ സമ്പാദ്യവും ചേർത്താണ് ഇവർ ലീഗിലെ മറ്റ് ക്ളബുകൾക്ക് നൽകിയത്.

ഏപ്രിൽ 15 ന് ബുണ്ടസ് ലിഗ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു സംഘാടകർ. എന്നാൽ നിലവിലെ സ്ഥിതി അനുസരിച്ച് മേയ് ആദ്യവാരത്തിൽപ്പോലും കളി തുടങ്ങാനുകുമെന്ന് ഉറപ്പില്ല.

മാറക്കാന

ആശുപത്രിയായി

ലോകകപ്പ് ഫൈനലുകൾക്ക് വേദിയായ ബ്രസീലിലെ മാറക്കാന സ്റ്റേഡിയം കൊറോണ രോഗികളെ ചികിത്സിക്കാനുള്ള താത്കാലിക ആശുപത്രിയാക്കി മാറ്റി അധികൃതർ. ബ്രസീലിലെ രോഗികളുടെ എണ്ണം മൂവായിരം കടന്നതോടെയാണ് സ്റ്റേഡിയം കോംപ്ളക്സ് സർക്കാർ ഏറ്റെടുത്തത്. സാവോ പോളോ,ബ്രസീലിയ എന്നിവിടങ്ങളിലെ പ്രശസ്ത സ്റ്റേഡിയങ്ങളും ആശുപത്രിയാക്കിയിട്ടുണ്ട്.

സ്പാനിഷ് ഫുട്ബാൾ ക്ളബ് റയൽ മാഡ്രിഡ് തങ്ങളുടെ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയം രോഗബാധിതർക്കും ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്കും വേണ്ട അവശ്യസാധനങ്ങൾ ശേഖരിച്ച് സംഭരിക്കാൻ വേണ്ടി തുറന്നുകൊടുത്തിട്ടുണ്ട്.

ഇറ്റാലിയൻ ഫുട്ബാൾ കോൺഫെഡറേഷൻ തങ്ങളുടെ നാഷണൽ ട്രെയിനിംഗ് സെന്റർ കൊറോണ ചികിത്സയ്ക്ക് വേണ്ടി വിട്ടുകൊടുത്തുകഴിഞ്ഞു.