കൊച്ചി: കൊറോണയെ പ്രതിരോധിക്കാൻ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നത്, ഇന്ത്യയുടെ ജി.ഡി.പി വളർച്ചയെ കുത്തനെ ഇടിക്കുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസ് വ്യക്തമാക്കി. 2020ൽ ഇന്ത്യ 5.3 ശതമാനം വളരുമെന്നാണ് മൂഡീസ് വിലയിരുത്തിയിരുന്നത്. ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിൽ വളർച്ചാ പ്രതീക്ഷ മൂഡീസ് 2.5 ശതമാനത്തിലേക്ക് വെട്ടിത്താഴ്‌ത്തി. വളർച്ച വെറും രണ്ടു ശതമാനം ആയിരിക്കുമെന്നാണ് മറ്റൊരു റേറ്റിംഗ് ഏജൻസിയായ ഇക്ര വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്നു ദശാബ്‌ദത്തിലെ ഏറ്റവും മോശം വളർച്ചയായിരിക്കുമിത്.
ലോക്ക്‌ഡൗൺ മൂലം ജനങ്ങളുടെ വരുമാനം കുത്തനെ ഇടിയുന്നതും ഉപഭോക്തൃ ഡിമാൻഡ് കുറയുന്നതും തിരിച്ചടിയിൽ നിന്ന് കരകയറാൻ കാലതമാസം എടുക്കുമെന്നതുമാണ് ജി.ഡി.പിയെ തളർത്തുക. ലോക്ക്ഡൗൺ മൂലം രാജ്യത്തെ സാമ്പത്തിക ഇടപാടുകളിൽ 40-50 ശതമാനം കുറവുണ്ടായിട്ടുണ്ട്. ലോകബാങ്കും ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ ആറു ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനത്തിലേക്ക് താഴ്‌ത്തിയിട്ടുണ്ട്.
അതേസമയം, കേന്ദ്രവും റിസർവ് ബാങ്കും രക്ഷാപാക്കേജുകൾ പ്രഖ്യാപിക്കും മുമ്പാണ് മൂഡീസ് റിപ്പോർട്ട് തയ്യാറാക്കിയത്. രക്ഷാപാക്കേജിന്റെ ബലത്തിൽ, ഇന്ത്യയുടെ സമ്പദ്‌വളർച്ച മെച്ചപ്പെട്ടേക്കാം. ജർമ്മനി 5.4 ശതമാനവും ഇറ്റലി 4.5 ശതമാനവും അമേരിക്ക 4.3 ശതമാനവും ബ്രിട്ടൻ 3.9 ശതമാനവും ഫ്രാൻസ് 3.5 ശതമാനവും നെഗറ്രീവ് വളർച്ച 2020ന്റെ ആദ്യ പകുതിയിൽ കുറിച്ചേക്കുമെന്നും മൂഡീസിന്റെ റിപ്പോർട്ടിലുണ്ട്.
1,300 പോയിന്റ് നേട്ടം
കൈവിട്ട് സെൻസെക്‌സ്
റിസർവ് ബാങ്ക് ആശ്വാസപാക്കേജ് പ്രഖ്യാപിക്കും മുമ്പ് ഇന്നലെ സെൻസെക്‌സ് 1,300 പോയിന്റിലേറെ നേട്ടം കൊയ്‌തിരുന്നു. എന്നാൽ, വ്യാപാരാന്ത്യം സെൻസെക്‌സുള്ളത് 131 പോയിന്റ് നഷ്‌ടവുമായി 29,815ലാണ്. നിഫ്‌റ്റി 18 പോയിന്റ് മാത്രം മെച്ചപ്പെടുത്തി 8,860ലുമെത്തി.
കൊറോണ വലച്ചതിനാൽ ജനുവരി-മാർച്ച് പാദത്തിൽ 4.7 ശതമാനവും നടപ്പുവർഷം 5 ശതമാനവും വളരുക പ്രയാസമാണെന്ന് റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കിയതാണ് ഓഹരികളെ തളർത്തിയത്. മൂഡീസ് ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ താഴ്‌ത്തിയതും തിരിച്ചടിയായി.
74ലേക്ക് തിരിച്ചെത്തി രൂപ
ഡോളറിനെതിരെ 27 പൈസ ഉയർന്ന് 74.89ലാണ് രൂപ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. റിസർവ് ബാങ്കിന്റെ ആശ്വാസ നടപടികളെ തുടർന്ന്, നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിച്ചത് രൂപയ്ക്കും കരുത്തായി.
ബാങ്ക് നിക്ഷേപം:
₹53,000 കോടി
കൊഴിഞ്ഞു
ലോക്ക്‌ഡൗൺ ഉണ്ടായേക്കുമെന്ന സൂചനകളെ തുടർന്ന് കഴിഞ്ഞ 15 ദിവസത്തിനിടെ ഇന്ത്യക്കാർ ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് പിൻവലിച്ചത് 53,000 കോടി രൂപ. മാർച്ച് 13 വരെയുള്ള കണക്കാണിത്. സാധാരണ തിരിഞ്ഞെടുപ്പ്, ഉത്സവകാലയളവുകളിലാണ് ഇത്തരത്തിൽ ജനം പണം പിൻവലിക്കാറുള്ളത്. നിലവിൽ, മൊത്തം 23 ലക്ഷം കോടി രൂപ ജനങ്ങളുടെ കൈവശം വിപണിയിൽ ഇറക്കാനാവാതെ ഇരിപ്പുണ്ടെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്.