ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി എെ.കെ. ഗുജ്റാളിന്റെ സഹോദരനും വിഖ്യാത ചിത്രകാരനും ശില്പിയുമായ സതീഷ് ഗുജ്റാൾ (94) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ചിത്രകാരൻ, ആർക്കിടെക്ട്, എഴുത്തുകാരൻ, കവി തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ ബെൽജിയം എംബസിയും ഗോവ യൂണിവേഴ്സിറ്റിയും ഡിസൈൻ ചെയ്തത് അദ്ദേഹമാണ്. കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് 1999ൽ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു.
1925-ൽ പാകിസ്ഥാനിലെ ലാഹോറിലായിരുന്നു ജനനം. ഒൻപതാമത്തെ വയസിൽ കേൾവി ശക്തി നഷ്ടമായെങ്കിലും അദ്ദേഹം തളർന്നില്ല. കൈവച്ച മേഖലകളിലെല്ലാം തിളങ്ങി.
ലഹോറിലെ മയോ ആർട്സ് സ്കൂൾ, മുംബയിലെ ജെ.ജെ. സ്കൂൾ ഒഫ് ആർട്സ് എന്നിവിടങ്ങളിലായിരുന്നു ചിത്രകലാപഠനം. 1952-ൽ മെക്സിക്കോയിലെ പാൽസിയോ ഡി ബെല്ലാസ് ആർട്സിൽ സ്കോളർഷിപ്പ് ലഭിച്ചു. അവിടത്തെ പ്രമുഖ ചിത്രകാരൻമാരായ ഡിയാഗോ റിവേറ, ഡേവിഡ് അൽഫ്രോ സ്കറിയോസ് എന്നിവരുടെ ശിഷ്യനായി. 1998ൽ ശസ്ത്രക്രിയയിലൂടെ കേൾവിശക്തി വീണ്ടെടുത്തു.
ഇന്ത്യൻ വിഭജനകാലത്തും അടിയന്തരാവസ്ഥക്കാലത്തും ഉത്തരാധുനിക ചിത്രകലാശൈലികൊണ്ട് ശ്രദ്ധേയനായി. 1952 മുതൽ 74 വരെയുള്ള കാലത്ത് ന്യൂയോർക്ക്, മോൺട്രിയോൾ, ബെർലിൻ, ടോക്കിയോ തുടങ്ങിയ നഗരങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്.
ഭാര്യ: കിരൺ. മക്കൾ: മോഹിത് ഗുജറാൾ, അൽപനാ ഗുജ്റാൾ, രസീൽ ഗുജ്റാൾ. രാജ്യസഭാ എം.പി നരേഷ് ഗുജ്റാൾ അനന്തിരവനാണ്.