തിരുവനന്തപുരം: കൊറോണ രോഗത്തിനെതിരായി ക്യൂബയിൽ നിന്നുമുള്ള മരുന്ന് പരീക്ഷിക്കുന്നതിന്റെ കാര്യം മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്തുവെന്നും ഇതിനായുള്ള അനുമതി തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനു വേണ്ടിയുള്ള എല്ലാ സാദ്ധ്യതകളും ആരായുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ബാറുകളും ബിവറേജസും അടച്ചത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അമിത മദ്യാസക്തി ഉള്ളവർക്ക് ചികിത്സ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 'വിമുക്തി' ലഹരിവിരുദ്ധ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് സംസ്ഥാനത്ത് 39 പേർക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗബാധിതരെ കണ്ടെത്തിയത് കാസർകോഡ് ജില്ലയിലാണ്. 34 ആണ് കാസർകോട്ടുള്ള കൊറോണ രോഗ ബാധിതരുടെ എണ്ണം. ഇതോടൊപ്പം കണ്ണൂർ തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആളുകൾക്ക് വീതവും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് മാത്രം 112 പേരെ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സ്ഥിതി ഗുരുതരമാണെന്നും എന്ത് സാഹചര്യവും നേരിടാൻ ഒരുങ്ങണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 616 പേർ ആശുപത്രികളിലാണ്. 112 പേരെ ഇന്നുമാത്രം ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 5679 സാംപിളുകൾ ഇന്ന് പരിശോധയ്ക്ക് അയച്ചു. ഇതിൽ 4448 ഫലങ്ങൾ നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.