ആലപ്പുഴ: വീട്ടിലേക്കുള്ള വഴി ഇതുവരെ ദൂരെയായിരുന്നു. എപ്പോഴും തിരക്കും ജോലിയും ആൾബഹളങ്ങളും... വിചാരിച്ചാലും, ആഗ്രഹിക്കുന്ന നേരത്ത് വീട്ടിലെത്താൻ പറ്റണമെന്നില്ല. അതോർത്ത് സങ്കടത്തിനും നേരമില്ല. തിരക്കിനൊപ്പം സ്വയമറിയാതെ ഒഴുകിയിരുന്ന കാലത്തിന് കൊറോണ തടയിട്ടപ്പോൾ തെളിഞ്ഞത് പഴയ നാട്ടിടവഴികളും വീടിനകത്തെ ഇഷ്ടങ്ങളും!
കായംകുളം എം.എൽ.എ യു. പ്രതിഭ ഇങ്ങനെ വീട്ടിലിരുന്നിട്ട് കാലം കുറച്ചായി. ഡി.വൈ.എഫ്.ഐ നേതാവായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും തിരക്കുകളുടെ തുടർക്കഥ പണ്ടേ തുടങ്ങിയതാണ്. ഇപ്പോൾ സമൂഹവുമായി സ്വയം അകലം പാലിച്ച് വീട്ടിൽ കഴിയുമ്പോഴും മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം തന്നെയുണ്ട്, പ്രതിഭ. രാവിലെ തുടങ്ങും ഫോണിലെ തിരക്ക്. കൊറോണ വൈറസ് ബാധ സംശയിക്കപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ വിവരം ദിവസവും ശേഖരിക്കുന്നുണ്ട്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട്, എല്ലാം കൃത്യമായി നടക്കുന്നെന്ന് ഉറപ്പാക്കുന്നുണ്ട്...
തകഴിയിലെ 'പള്ളിനാൽപ്പട' വീട്ടിൽ മകൻ കനിവിനൊപ്പം കൂടുതൽ സമയം കിട്ടുന്നതാണ് ആശ്വാസം.തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ളാസിലായിരുന്നു കനിവ്. പരീക്ഷകൾ തീരും മുമ്പേ കൊറോണ വന്നു കയറി. ബാക്കി പരീക്ഷകൾ എന്നത്തേക്കെന്ന് അറിയില്ല. അതിന്റെ ടെൻഷൻ കനിവിനുമുണ്ട്.
വിട്ടുകളയാതെ കൂടെക്കൊണ്ടുനടന്ന വായനയുടെ കാലത്തിന് തിരക്കിനിടയിലെവിടെയോ വിരാമം വീണതോർത്ത് സങ്കടം തോന്നിയിരുന്നു. വായിക്കാൻ കൊതിച്ച് വാങ്ങിവച്ച പുസ്തകങ്ങളിൽ പലതും വെറുതെ അലമാരയിലിരിക്കുകയായിരുന്നു. ഇപ്പോൾ വായന തിരികെ വന്നപ്പോൾ കുറേക്കാലം പിന്നാക്കം നടന്നപോലെ ഒരു സുഖം. കെ.പി. കേശവമേനോന്റെ ആത്മകഥയായ കഴിഞ്ഞ കാലം പഠിക്കുന്ന കാലത്തെന്നോ വായിച്ചതാണ്. ഇപ്പോൾ ഒന്നൂകൂടി വായിച്ചുതുടങ്ങി. എട്ടു വർഷമായി അടുക്കളയിൽ ഇതുപോലെ മനസ്സമാധാനത്തോടെ നിന്ന് പാചകം ചെയ്‌തിട്ട്. മകന് ഇഷ്‌ടമുള്ളതെല്ലാം ഉണ്ടാക്കിക്കൊടുക്കാൻ വേണ്ടുവോളം സമയം. ചില പാചക പരീക്ഷണങ്ങൾ...
ഇത് പ്രതിഭയുടെ മാത്രം ഇടവേളയുടെ കഥയല്ല. ഇതുപോലെ തിരക്കുകൾക്കിടയിൽ നിന്ന് വീട്ടിലേക്കുള്ള വഴി വീണ്ടും തിരിച്ചെടുക്കുന്നവർ പറയുന്നു, ഓർത്തിരിക്കാതെ കിട്ടിയ ഇളവിന്റെ ദിനങ്ങളെക്കുറിച്ച്. കേരള കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ജെ. ജോസഫ്, സി.പി.ഐ ദേശീയ നേതാവ് ആനി രാജ, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, എം.എൽ.എമാരായ എ.എം. ആരിഫ്, മുകേഷ്.