corona-kerala-

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി കൊറോണ സ്ഥിരീകരിച്ചവർ എല്ലാം നിരവധിപേരുമായി ഇടപഴകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവർ വിവിധസ്ഥലങ്ങളിൽ സഞ്ചരിച്ചവരുമാണ്. അതിനാൽ ഇവരുടെ പേരുവിവരങ്ങൾ പരസ്യമാക്കുന്ന കാര്യം ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണിത്. കൊറോണ ആരിൽനിന്നും ഏറെ അകലെയല്ല. വൈറസ് ബാധിക്കാതിരിക്കാൻ എല്ലാവരും സ്വന്തമായി ഏറെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ രോഗികളുടെ എണ്ണം 164 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർകോട്, കണ്ണൂർ രണ്ട്, തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോ ആൾക്കാർക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലത്ത് കഴിഞ്ഞ 18ന് ദുബായിൽ നിന്നു നാട്ടിലെത്തിയ പ്രാക്കുളം സ്വദേശിയായ 49കാരനാണു രോഗബാധ. ഇയാളെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളെ ഉടൻ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റും.

സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 616 പേര്‍ ആശുപത്രികളിലാണ്. 112 പേരെ ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 5679 സാംപിളുകളും ഇന്ന് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 4448 എണ്ണം രോഗബാധയില്ല.