ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൊറോണ രോഗബാധയെ ഫലപ്രദമായി പ്രതിരോധിക്കുമെന്നും ലോകത്തിന് മുൻപിൽ മാതൃകയാകുമെന്നും തെലുങ്ക് ദേശം പാർട്ടിയുടെ നായകൻ എൻ.ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രി നയിക്കുന്ന കേന്ദ്രസർക്കാർ 'മനുഷ്യത്വത്തിന്റെ ആൾരൂപമാണെ'ന്നും അദ്ദേഹം പ്രധാനമന്ത്രിക്കയച്ച കത്തിലൂടെ വ്യക്തമാക്കി.
ഇതുകൂടാതെ, രാജ്യത്തിന് 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചത് സമയോചിതമാണെന്നും, കൊറോണ കാരണമുള്ള പ്രതിതിസന്ധിഘട്ടത്തിൽ അത് പാവപ്പെട്ടവർക്കും, കർഷകർക്കും, 'മുൻനിര' യോദ്ധാക്കൾക്കും(ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ) കാര്യമായ ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രധാനമന്ത്രിക്കുള്ള കത്തിൽ വ്യക്തമാക്കി.
കൊറോണ രോഗത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെ ത്യാഗങ്ങൾക്കുള്ള തക്കതായ പ്രതിഫലമാണ് അവർക്ക് കേന്ദ്രം നൽകിയ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജെന്നും ചന്ദ്രബാബു നായിഡു സൂചിപ്പിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ പിടിച്ചുനിർത്താനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു.
ഒരു ഇന്ത്യക്കാരനും ഒഴിഞ്ഞ വയറോടെ ഉറങ്ങരുത് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾസർക്കാരിന്റെ മനുഷ്യത്വത്തെയാണ് സൂചിപ്പിക്കുന്നതെന്നും നായിഡു പറയുന്നു. തുടർന്ന് കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഉയർത്തിയതിനെ കുറിച്ചും സൗജന്യ ഗ്യാസ് സിലിണ്ടർ നൽകാൻ തീരുമാനിച്ചതിനെ കുറിച്ചും നായിഡു വാചാലനാകുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ രോഗത്തെ ഇല്ലാതാക്കുമെന്ന് മാത്രമല്ല, ഭാവിയിൽ സാമ്പത്തിക രംഗത്ത് വൻ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറയുന്നു.