കൊല്ലം: ദുബായിൽ നിന്ന് ഈമാസം 18ന് മടങ്ങിയെത്തി ഗൃഹനിരീക്ഷണത്തിൽ കഴിയുകയായിരുന്ന 47കാരനാണ് കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇയാൾ അഞ്ചാലുംമൂട് പ്രാക്കുളം മഠത്തിൽമുക്കിന് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ദിവസം മുതൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇയാളുടെ സഞ്ചാര വിവരങ്ങൾ സംബന്ധിച്ച വിശദമായ റൂട്ട് മാപ്പ് പൊലീസും ആരോഗ്യവകുപ്പും ചേർന്ന് തയ്യാറാക്കി വരികയാണ്.
പ്രാഥമിക റൂട്ട് മാപ്പ്
മാർച്ച് 18: പുലർച്ചെ 3ന് ദുബായിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിൽ. ആട്ടോറിക്ഷയിൽ തമ്പാനൂർ ബസ് സ്റ്റാൻഡിലെത്തി.കെ.എസ്.ആർ.ടി.സി ബസിൽ കൊല്ലം ഡിപ്പോയിൽ വന്നിറങ്ങി. ആട്ടോറിക്ഷയിൽ പ്രാക്കുളത്തെ വീട്ടിലെത്തി.രാത്രി 11ന് രക്തസമ്മർദ്ദത്തെ തുടർന്ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ.
മാർച്ച് 19: രാവിലെ 7.25ന് കൊല്ലം നഗരത്തിലെ സ്വകാര്യ ക്ലിനിക്കിൽ. തൃക്കരുവ പി.എച്ച്.സി ജീവനക്കാർ വീട്ടിലെത്തി ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു
മാർച്ച് 23: തൃക്കരുവ പി.എച്ച്.സിയിൽ (ഉയർന്ന രക്തസമ്മർദ്ദവും അവശതയും)
മാർച്ച് 24: വീണ്ടും തൃക്കരുവ പി.എച്ച്.സിയിൽ (മരുന്നുകൾ നൽകി മടക്കി അയച്ചു)
മാർച്ച് 25: രാത്രി വീണ്ടും അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ (ഉയർന്ന രക്തസമ്മർദ്ദവും അവശതയും). ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ച് രക്തവും സ്രവങ്ങളും ശേഖരിച്ചു
മാർച്ച് 26: തൃക്കരുവ പി.എച്ച്.സി ജീവനക്കാർ ഭവന സന്ദർശനം നടത്തി
മാർച്ച് 27: കൊറോണ സ്ഥിരീകരിച്ചു. സന്ധ്യയ്ക്ക് 6.45ഓടെ ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക്