തിരുവനന്തപുരം : കൊല്ലം പാരിപ്പള്ളിയിൽ ലോക്ക്ഡൗൺ ലംഘിച്ച് പഴം വാങ്ങാൻ പോയ യുവാവിന്റെ വാഹനം കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പൊലീസിനു നേരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നത്. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസുകാരൻ ഭരത് ചന്ദ്രൻ കളിക്കുകയാണെന്നായിരുന്നു വിമർശനമുയർന്നത്. ഇപ്പോഴിതാ വിമർശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്മിഷണർ സിനിമയിൽ ഭരത് ചന്ദ്രനായി നിറഞ്ഞാടിയ സുരേഷ് ഗോപി. അതിന് ഞാൻ ഒറ്റവാക്കേ പറയൂ. അങ്ങനെ പറയുന്നവരുടെ കരണം അടിച്ചുപൊട്ടിക്കണം. പൊലിസുകാർ ലാത്തിയങ്ങ് മാറ്റിവെച്ചേക്കണം. അത് തന്നെയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു
ലോകത്തിന് വേണ്ടിയാണ് പൊലീസുകാർ പ്രവർത്തിക്കുന്നത്. നിയന്ത്രിക്കാൻ പൊലീസിനെ കൊണ്ട് പറ്റില്ലെന്ന നില വന്നാൽ വരാൻ പോകുന്നത് പട്ടാളമാണ്. പട്ടാളത്തിന് മലയാളിയെ അറിയില്ല. തമിഴനെ അറിയില്ല. അവർക്ക് മനുഷ്യരെയേ അറിയൂ. അതുകൊണ്ട് വളരെ സൂക്ഷിക്കണം. ഇതൊരു മുന്നറിയിപ്പാണ്. അത് പറയാനുള്ള അവകാശം മുഖ്യമന്ത്രിയെ പോലെ തനിക്കുമുണ്ട്. സേനയ്ക്ക് വേണ്ടി കർക്കശമായ നിലപാടുകൾ ഭരണകർത്താക്കൾ സ്വീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പൊലീസ് പരിശോധനയ്ക്കിടെയാണ് യുവാവ് കാറുമായി പാരിപ്പള്ളി സി.ഐയുടെ മുന്നിൽപ്പെട്ടത്. എവിടെ പോകുന്നുവെന്ന ചോദ്യത്തിന് പഴം വാങ്ങാൻ പോകുന്നുവെന്നായിരുന്നു യുവാവിന്റെ മറുപടി. എത്രകിലോ പഴം വേണം എന്നായി പൊലീസ്. എത്ര കിലോ പഴം വേണമെന്ന് അറിയിച്ചാൽ വാങ്ങി വീട്ടിലെത്തിക്കാമെന്ന് സി.ഐ പറയുന്നു. എന്നാൽ മരുന്നും വാങ്ങാനുണ്ടെന്നായി പിന്നീട് യുവാവ് പറയുന്നു.
''ഞാൻ പാരിപ്പള്ളി സി.ഐയാണ്. എന്റെ മൊബൈൽ നമ്പർ തരാം. മരുന്നും പഴവും വാങ്ങണമെങ്കിൽ എന്നെ വിളിച്ചു പറഞ്ഞാൽ മതി. അതിന് വണ്ടിയും കൊണ്ടിറങ്ങേണ്ട''യെന്ന് സി.ഐ യുവാവിനോട് പറഞ്ഞു. കാറിൽ നിന്ന് ഇറങ്ങാൻ യുവാവിനോട് ആവശ്യപ്പെട്ടിട്ടും ആദ്യം അയാൾ തയ്യാറായില്ല. ഒടുവിൽ അല്‍പം ബലപ്രയോഗത്തിലൂടെ യുവാവിനെ കാറിൽനിന്ന് പുറത്തിറക്കി, പൊലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു.