pinarayi-vijayan

തിരുവനന്തപുരം: കൊറോണ കാരണമുള്ള ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മൂലം തെരുവിലും മറ്റും കഴിയുന്ന മൃഗങ്ങൾ ഭക്ഷണം കിട്ടാതെ അലയേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് നിലവിൽ ഉണ്ടാകുന്നത്. എന്നാൽ ഇത് ഒഴിവാക്കാനായി കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ ഇടപെടുകയാണ്. ലോക്ക്ഡൗൺ മൂലം ജനങ്ങൾ പുറത്തിറങ്ങാതെ വന്നതോടെ തെരുവ് നായകളും ക്ഷേത്രങ്ങളിൽ(കാവുകൾ) വസിക്കുന്ന കുരങ്ങുകളും പട്ടിണിയിലാകുന്ന അവസ്ഥ ഒഴിവാക്കാനായി ആണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ ഇടപെട്ടിരിക്കുന്നത്.

ഭക്ഷണവും വെള്ളവും കിട്ടാതെ അലയുന്ന നായയ്ക്കളും, സമാനമായ സ്ഥിതിയിലാകുന്ന കുരങ്ങുകളെയും സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികാരികൾ രംഗത്തിറങ്ങണമെന്നാണ് അദ്ദേഹം നിർദേശം നൽകിയിരിക്കുന്നത്. തെരുവുനായ്ക്കളുടെ കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുമ്പോൾ, ക്ഷേത്രങ്ങളിൽ വസിക്കുന്ന കുരങ്ങുകൾക്ക് ഭക്ഷണം നൽകാൻ ക്ഷേത്ര അധികാരികൾ തന്നെ മുൻകൈ എടുക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോക്ക്ഡൗൺ കാരണം ജനങ്ങൾ ക്ഷേത്രങ്ങളിലേക്ക് എത്താത്തതാണ് കുരങ്ങുകളെ പട്ടിയിലാക്കുന്നത്.മുൻപ് ഇവിടങ്ങളിലേക്ക് എത്തുന്ന ഭക്തരാണ് ഇവയ്ക്ക് ഭക്ഷണം നൽകിയിരുന്നത്.

ഇന്ന് സംസ്ഥാനത്ത് 39 പേർക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗബാധിതരെ കണ്ടെത്തിയത് കാസർകോഡ് ജില്ലയിലാണ്. 34 ആണ് കാസർകോട്ടുള്ള കൊറോണ രോഗ ബാധിതരുടെ എണ്ണം. ഇതോടൊപ്പം കണ്ണൂർ തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആളുകൾക്ക് വീതവും രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് മാത്രം 112 പേരെ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സ്ഥിതി ഗുരുതരമാണെന്നും എന്ത് സാഹചര്യവും നേരിടാൻ ഒരുങ്ങണമെന്നും മുഖ്യമന്ത്രി അറിയിച്ചു.